തിരുവനന്തപുരം: ലോകത്ത് ഏറ്റവും നുണ പ്രചരിപ്പിക്കുന്നത് കോൺഗ്രസ് പാർട്ടിയാണെന്നും ഇക്കാര്യത്തിൽ മത്സരമില്ലാതെ സ്വർണ്ണ മെഡൽ കോൺഗ്രസ്സിന് കൊടുക്കാമെന്നും പറഞ്ഞ ബിജെപി അദ്ധ്യക്ഷൻ ഡോ.രാജീവ് ചന്ദ്രശേഖരൻ, രാഷ്‌ട്രീയ ഡീലിനെക്കുറിച്ച് പറയുന്ന കർണാടകത്തിൽനിന്നുള്ള കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ ഫ്രോഡാണെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഹുൽ കോൺഗ്രസ് തലപ്പത്തുവന്നശേഷം ആ പാർട്ടിക്ക് നയമില്ല, നിലപാടില്ല, കാഴ്ചപ്പാടില്ല. ജനങ്ങൾക്കുവേണ്ടിയും നാടിനുവേണ്ടിയും ഒന്നും ചെയ്യുന്നില്ല. ഈ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യം മുതൽ പറയുന്നത് വികസനത്തെക്കുറിച്ചാണ്. അത് ചർച്ചചെയ്യാനാണ് ശ്രമിക്കുന്നത്. പ്രചരിപ്പിക്കുന്നത് അതാണ്. പക്ഷേ, കോൺഗ്രസ് പ്രചരിപ്പിക്കുന്നത് നുണ മാത്രമാണ്. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പറയുന്നത് നുണകൾ മാത്രമാണ്. ഡി.കെ. ശിവകുമാർ ബിജെപി-സിപിഎം ഡീലുണ്ടെന്ന് പറയുന്നു. പറ്റിയ ആളാണ് ശിവകുമാർ, രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ ഫ്രോഡാണ് ശിവകുമാർ, രാജീവ് പറഞ്ഞു.
കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ കടുത്ത മത്സരമാണ്, ആരാണ് ഏറ്റവും കൂടുതൽ മണ്ടത്തരങ്ങൾ പറയുന്നത് എന്നതിലാണ് മത്സരം. നേമത്തെ സ്ഥാനാർത്ഥിയും സംസ്ഥാന മന്ത്രിയുമായ വി. ശിവൻ കുട്ടി നുണപ്രചാരണത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സിനോട് മത്സരിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ബിജെപി റയിൽവേ ചരക്കു സർവീസ് വഴിയും വാഹനങ്ങളിലും പണം കടത്തുന്നുവെന്നാണ് ആരോപണം. ഇത് നിരാശയിൽനിന്നുണ്ടാകുന്നതാണ്. പരാജയ ഭീതിയിൽനിന്ന് ഉണ്ടാകുന്നതാണ്, രാജീവ് പറഞ്ഞു.
രാഹുൽ ഗാന്ധി പല നുണകളും പറയുന്നു. എന്നാൽ അസം മുഖ്യമന്ത്രിയെക്കുറിച്ച് കോൺഗ്രസ്സിന്റെ ആസ്ഥാനത്ത് രാഹുൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ നുണ പറയുകമാത്രമല്ലായിരുന്നു. ആരുടെയോ പാസ്‌പോർട്ടിൽ അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചിത്രം കൃത്രിമമായി ചേർത്ത് വ്യാജഖേയുണ്ടാക്കുകയായിരുന്നു. ഇത് ഏറെ ഗുരുതരമാണ്, ഡോ. രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
















