ചെന്നൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഇറാനില്‍ കുടുങ്ങിയ 345 ഭാരത മത്സ്യത്തൊഴിലാളികളെ മോദി സര്‍ക്കാര്‍ സാഹസികമായി നാട്ടിലെത്തിച്ചു. അര്‍മേനിയ വഴി കഴിഞ്ഞ ദിവസം ഇവര്‍ ചെന്നൈ വിമാനത്താവളത്തിലെത്തി. ഓരോ ഭാരതീയന്റെയും സുരക്ഷയ്‌ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയുടെ തെളിവാണ് രക്ഷാദൗത്യമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
ഇറാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നിട്ടും പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ദൗത്യം വേഗത്തിലാക്കി. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യമന്ത്രി അരാരത് മിര്‍സോയനുമായി നടത്തിയ ചര്‍ച്ചകളാണ് തൊഴിലാളികള്‍ക്ക് സുരക്ഷിത പാതയൊരുക്കിയത്. അര്‍മേനിയ വഴി 20 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് സംഘം മടങ്ങിയെത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ രീതിയില്‍ 1,500ലധികം ഭാരതീയരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷിതമായി അതിര്‍ത്തി കടത്തിയത്.
















