തൃശൂര്‍: മണലൂരിലും വാടാനപ്പള്ളിയിലും ബിജെപി കിറ്റ് വിതരണം ചെയ്തുവെന്ന് ആരോപിച്ച് കലാപത്തിന് ഒരുങ്ങിയ ടി.എന്‍. പ്രതാപന്റെ വാദമുഖങ്ങള്‍ പൊളിച്ചടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. വാടാനപ്പള്ളിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ വോട്ട് പിടിക്കാനായി കിറ്റുകള്‍ കൂട്ടിവെച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് ടി.എന്‍.പ്രതാപന്റെ നേതൃത്വത്തില്‍ ഈ സൂപ്പര്‍ മാര്‍ക്കറ്റ് ഉപരോധിച്ചത്.
നടന്‍ ദേവന്‍ ഇവിടെ വന്നിട്ടുള്ളത് കിറ്റ് വിതരണം ചെയ്യാനാണെന്നും ആരോപിച്ച് ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പിന്നാലെ വന്ന സിപിഎമ്മും സൂപ്പര്‍മാര്‍ക്കറ്റ് ഉപരോധിച്ചു. ഇത് പ്രകാരം കേന്ദ്രസേന വരെ ക്രമസമാധാനപാലനത്തിന് രംഗത്തെത്തി.
പക്ഷെ ഒടുവില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നടന്‍ ദേവന്‍ ഈ സൂപ്പര്‍മാര്‍ക്കറ്റിലേക്കേ വന്നിട്ടില്ലെന്ന് മനസ്സിലായി. ഇതോടെ കാലിക്കവറുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയ്‌ക്കാര്‍ പ്രകടനം നടത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ സുഹൃത്തായതിനാല്‍ ദേവന്‍ ആ വഴി അദ്ദേഹത്തെ കാണാന്‍ വന്നതേയുള്ളൂ എന്ന് മനസ്സിലായതോടെ ടി.എന്‍ പ്രതാപനെത്തന്നെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ദേവനെ അറസ്റ്റ് ചെയ്യാതെ വിട്ടു. ഇതോടെ ടി.എന്‍. പ്രതാപന്റെ കിറ്റ് വിവാദം പൊളിഞ്ഞു. മണലൂര്‍ നിയോജകമണ്ഡലത്തില്‍ ഇക്കുറി ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ബിജെപിയ്‌ക്ക് വേണ്ടി കെ.കെ. അനീഷ് കുമാറാണ് മത്സരിക്കുന്നത്. ബിജെപി ഇവിടെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്‌ക്കുന്നത്.
മണലൂരില്‍ പോര് കടുക്കുന്നു
കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇടത് പക്ഷത്തിന്റെ കോട്ടയായിരുന്ന മണലൂര്‍ ഇത്തവണ ഇളകുമോ? അത് ബിജെപിയിലേക്ക് ചായുമോ? കാരണം ബിജെപിയ്‌ക്കെതിരെ കിറ്റ് ആരോപണവുമായി ടി.എന്‍. പ്രതാപന്‍ ഇങ്ങിയത് ബിജെപിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനത്തിന്റെ കരുത്ത് കണ്ടിട്ടാണ്. അഡ്വ. കെ. കെ. അനീഷ് കുമാര്‍ ബിജെപിയുടെ യുവപോരാളിയാണ്. ഇവിടെ 2016ലും 2021ലും 37000വും 36000ഉം വോട്ടുകള്‍ പിടിച്ച മണ്ഡലമാണ് മണലൂര്‍. അവിടെ കഴിഞ്ഞ കുറെ നാളുകളായി കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും വന്‍തോതിലാണ് ബിജെപിയിലേക്ക് ഒഴുകുന്നത്.
എല്‍ഡിഎഫ് മുരളി പെരുനെല്ലി 2021ല്‍ 70000ല്‍പരവും 2026ല്‍ 78000ല്‍പരവും വോട്ട് പിടിച്ച മണ്ഡലമാണ് മണലൂര്‍. ഇവിടെ കോണ്‍ഗ്രസിന്റെ വോട്ട് ബേസ് ക്രമേണ കുറഞ്ഞുവരികയാണ്. 2921ല്‍ 51000 വോട്ടുകള്‍ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ 2026ല്‍ 48000 വോട്ടുകളേ ഉള്ളൂ. ഇവിടേക്കാണ് ഇതുവരെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചരിത്രം മാത്രമുള്ള ടി.എന്‍. പ്രതാപന്‍ കടന്നുവരുന്നത്. തുടക്കം മുതലേ ബിജെപിയുടെ മുന്നേറ്റം കണ്ട പ്രതാപന്‍ ഭയത്തിലാണ്. ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയായ രവീന്ദ്രനാഥ് വലിയ ആവേശമുണര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയല്ല. അതുകൊണ്ടാണ് അനീഷ് കുമാറിന്റെ വിജയസാധ്യത നശിപ്പിക്കാന്‍ കിറ്റ് ആരോപണവുമായി പ്രതാപന്‍ രംഗത്ത് വന്നത്. പക്ഷെ ആ ആരോപണം പൊളിഞ്ഞതോടെ പ്രതാപന് മുഖം നഷ്ടപ്പെട്ട സ്ഥിതിയാണ്.
















