പട്‌ന: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുവെന്ന വാർത്തകൾ ഇറാൻ തള്ളി. ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ദുൾ മജിദ് ഹക്കീം ഇലാഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങൾക്കും സമാധാനശ്രമങ്ങളിൽ വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ അനുശോചന ചടങ്ങിൽ പങ്കെടുക്കാൻ പട്‌നയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടക്കുന്നത്. ചർച്ചകളിലോ നയതന്ത്ര നീക്കങ്ങളിലോ പാകിസ്താൻ ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
”പാകിസ്താന് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. പാകിസ്താൻ വഴി ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്നത് സത്യമായിരുന്നില്ല. കാരണം വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിർത്താൻ അവർ ആഗ്രഹിച്ചു. ചർച്ചകളിലൊ ഒത്തുതീർപ്പുകളിലൊ സംഭാഷണങ്ങളിലൊ യാതൊരു ഗൗരവവും കാണിച്ചിരുന്നില്ല. അവർക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും തയ്യാറാണെന്ന് അവർ വിളിച്ചുപറഞ്ഞു. അതൊന്നും സത്യമായിരുന്നില്ല”-അദ്ദേഹം പറഞ്ഞു.
















