സീസണിൽ വഴിനീളെ വീണു ചിതറിക്കിടക്കുന്ന കൂഴച്ചക്ക പതിവു കാഴ്ചയായിരുന്നെങ്കിൽ ഇനി അതു മാറും. ചക്ക കൊണ്ടു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾ പൾപ്പ് ഉണ്ടാക്കാൻ തുടങ്ങിയതോടെയാണു കൂഴച്ചക്കയ്‌ക്കു പ്രിയം കൂടിയത്. പൾപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന കുമ്പിളപ്പത്തിനു ഡിമാൻഡ് വർധിച്ചതോടെ ഇടനേലയ്‌ക്കും (വഴനയില, കുമ്പിളില) വൻ പ്രിയമായി.
ഇല ഒരെണ്ണത്തിന് ഒന്നര രൂപവരെ കർഷകനു ലഭിക്കുന്നുണ്ടെന്നു പാലാ നീലൂർ പ്രൊഡ്യൂസർ കമ്പനി അധികൃതർ പറയുന്നു. മീനച്ചിൽ താലൂക്കിലെ നീലൂർ ഗ്രാമത്തിനു ചുറ്റുവട്ടത്തുള്ള ഏതാനും ബേക്കറികളിൽ മാത്രം പ്രതിദിനം നാലായിരത്തിലധികം കുമ്പിൾ അപ്പം ചെലവാകുന്നു. 15 മുതൽ 20 രൂപ വരെയാണ് ഒരെണ്ണത്തിന്റെ വില.പഴുത്ത ചക്ക വാക്വം ഫ്രൈ ചെയ്താൽ വിപണിയിൽ വൻ ഡിമാൻഡാണ്. കൂടുതലും വിദേശ രാജ്യങ്ങളിലേക്കാണു കയറി പോകുന്നത്. പഴുത്ത ചക്ക വാക്വം ഫ്രൈ ചെയ്താൽ കാലങ്ങളോളം സൂക്ഷിക്കാം. സിന്ദൂരം പോലുള്ള ചക്കയുടെ ചുള ഡ്രയറിൽ ഉണക്കി നൽകിയാൽ കിലോയ്‌ക്ക് 2500 രൂപ വരെ ലഭിക്കും.
ചക്ക ഉണങ്ങിയതിന് കാൽക്കിലോയ്‌ക്കു 250 രൂപയാണു വില.10 കിലോ പച്ചച്ചക്ക ഉണങ്ങിയാൽ 500 മുതൽ 600 ഗ്രാം വരെ ലഭിക്കും. ഇതിൽ കാൽ കിലോ അഞ്ചിരട്ടി വെള്ളം ഒഴിച്ചു തിളപ്പിച്ചാൽ നല്ല പുഴുക്ക് ഏതു കാലത്തും കഴിക്കാം.
















