ചെന്നൈ : തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ക്ഷേത്രദർശനം നടത്തുന്നു. മുൻപ് സനാതനധർമ്മത്തെയും, ക്ഷേത്രങ്ങളെയും തകർക്കണമെന്നും അവ പകർച്ചവ്യാധികളെ പോലെ ആണെന്നും പ്രസംഗിച്ച ഉദയനിധി തെരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുക്കളെ കയ്യിലെടുക്കാനായാണ് ഇപ്പോൾ ക്ഷേത്രങ്ങൾ തോറും കയറിയിറങ്ങുന്നത്.
തനിക് ഹിന്ദുമതത്തിൽ വിശ്വാസമില്ലെന്ന് പല തവണ പറഞ്ഞിട്ടുള്ള വ്യക്തിയാണ് കരുണാനിധിയുടെ ചെറുമകനായ ഉദയനിധി സ്റ്റാലിൻ . എന്നിട്ടാണ് കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ മണ്ഡലത്തിലെ സെഞ്ചെനിയമ്മൻ ക്ഷേത്രത്തിൽ പൂജ നടത്താൻ എത്തിയത്. പാർലമെന്റ് അംഗം ദയാനിധി മാരനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പാർട്ടി സ്ഥാനാർത്ഥിയും മുൻ എംപിയുമായ ഡോ. സെന്തിൽ കുമാറും പരമ്പരാഗത മതപരമായ ആചാരങ്ങളെ എതിർക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ് . റോഡ് നിർമ്മാണ പദ്ധതികൾ ആരംഭിക്കുമ്പോൾ പോലും സാധാരണയായി നടത്തുന്ന ഭൂമി പൂജയെയും മറ്റ് മതപരമായ ആചാരങ്ങളെയും അദ്ദേഹം എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ സെന്തിൽ കുമാറും ക്ഷേത്രങ്ങൾക്ക് മുന്നിലെത്തി താണുവണങ്ങുകയാണ്. ഹിന്ദു ഭൂരിപക്ഷത്തെ പ്രീതിപ്പെടുത്താനുള്ള ദൗത്യത്തിലാണ് ഡിഎംകെയെന്ന കാര്യം വ്യക്തമാണ്.
അണ്ണാമലൈയുടെ നേതൃത്വത്തിൽ ബിജെപി തമിഴ്‌നാട്ടിൽ വിജയകരമായി രാഷ്‌ട്രീയ മുന്നേറ്റം നടത്തിയതോടെയാണ് ഗത്യന്തരമില്ലാതെ ഉദയനിധി അടക്കം ഇപ്പോൾ ക്ഷേത്രസന്നിധിയിൽ എത്തിയത്.
മാത്രമല്ല ഇപ്പോൾ വിഭൂതി ധരിച്ചാണ് ഉദയനിധി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുന്നതും.അതേസമയം ഉദയനിധി സ്റ്റാലിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും , അങ്ങനെയാണെങ്കിൽ, അദ്ദേഹം ആദ്യം തന്റെ വിവാദ പ്രസ്താവനകൾക്ക് ക്ഷമാപണം നടത്തുമായിരുന്നുവെന്നാണ് ഹിന്ദുമുന്നണി പ്രവർത്തകർ പറയുന്നത് .
















