പാലക്കാട് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ രമേഷ് പിഷാരടി കൂടെ പ്രവര്‍ത്തിക്കാന്‍ നേതാക്കളില്ലാതെ ചുറ്റിത്തിരിയുന്ന വീഡിയോ വൈറലാവുകയാണ്. ആകെ ആത്മവിശ്വാസം നഷ്ടമായ രമേഷ് പിഷാരടിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. മാത്രമല്ല, സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പ്രധാനപണി സെല്‍ഫിയെടുക്കല്‍ എന്ന നിലയിലും ആയിട്ടുണ്ട് കാര്യങ്ങള്‍.
കോണ്‍ഗ്രസ് യുവനേതാക്കളുടെ സ്ത്രീപീഢനപരാതിയാണ് രമേഷ് പിഷാരടിയ്‌ക്ക് പാരയാവുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശിഷ്യന്‍ പ്രശോഭ് ഒരു ദളിത് സ്ത്രീയെ പീഢിപ്പിച്ച കേസില്‍ ആരോപണം നേരിടുകയാണ്. പെണ്‍കുട്ടി പൊലീസ് പരാതിപ്പെട്ടയുടന്‍ അതുവരെ പിഷാരടിക്കൊപ്പം വീട് വീടാന്തരം നടക്കാന്‍ കൂട്ടുപോയിരുന്ന പ്രശോഭ് ഒളിവിലാണ്. പ്രശോഭിനോട് എന്ത് നിലപാടെടുക്കും എന്ന ചോദ്യത്തിന് ഇത് വ്യക്തിപരമായ കാര്യമാണെന്നും ഇക്കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ഉള്ള നിര്‍വ്വികാരമായ രമേഷ് പിഷാരടിയുടെ മറുപടി പാലക്കാട്ടെ സ്ത്രീകളെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. വോട്ട് ചോദിക്കാന്‍ പോയ രമേഷ് പിഷാരടിയുടെ അനുയായികളോട് ചില സ്ത്രീകള്‍ തട്ടിക്കയറിയ വാര്‍ത്ത വൈറലായിരുന്നു.
മാത്രമല്ല പ്രശോഭിനെതിരെ കേന്ദ്ര വനിതാ കമ്മീഷനില്‍ ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിജിപിയോട് വിശദീകരണം തേടിയിരിക്കുകയാണ് കേന്ദ്ര വനിതാ കമ്മീഷന്‍. ഇതിനെതിരെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരില്‍ രമേഷ് പിഷാരടിയ്‌ക്കെതിരെ മഹിളാ മോര്‍ച്ച തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.
നേതാക്കന്മാരുടെ പീഡന വാർത്തകള്‍ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കിയിട്ടുണ്ട്. ഇത് കാരണം പലരും പ്രചാരണത്തിന് ഇറങ്ങാന്‍ മടിയ്‌ക്കുന്നു. പ്രചരണം എങ്ങനെയെങ്കിലും അവസാനിപ്പിച്ച് വീട്ടിൽ പോയാൽ മതിയെന്ന് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ.
















