കോഴിക്കോട്: വനിതാ ലീഗിനോട് മുസ്ലീം ലീഗ് കാണിക്കുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാ ലീഗിനെ അവഗണിച്ചെന്നും പാണക്കാട് തങ്ങളെ വിമർശിച്ചവർക്ക് സീറ്റ് നൽകിയെന്നും അവർ ആരോപിച്ചു. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്നു നൂർബിന.
മുസ്ലിം ലീഗ് പാർട്ടി വിടുന്നില്ലെന്നും ലീഗിൽ തുടരാനാവുമെന്ന് കരുതുന്നുവെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫാത്തിമ തെഹ്ലിയക്കെതിരെ രൂക്ഷമായ വിമർശനമാണ് നൂര്‍ബിന റഷീദ് ഉയർത്തിയത്. ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തെഹ്ലിയ. പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തെഹ്‌ലിയ വിളിച്ചു. പരാതിയുണ്ടെങ്കിൽ ഉറച്ച് നിൽക്കണമായിരുന്നു. തെഹ്ലിയക്ക് സീറ്റ് നൽകില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നൽകി. തെഹ്‌ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടിൽ പോകാൻ ഫാത്തിമക്ക് അവസരം നൽകി. എന്നാൽ തനിക്ക് പോകാൻ അനുവാദം നൽകിയില്ലെന്നും നൂർബിന റഷീദ് പറഞ്ഞു.
ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെയും നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയ ഒന്നും വനിതാ ലീഗിന്റെ മുഖമല്ലെന്നും അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വിമര്‍ശനമുന്നയിക്കുന്ന സമൂഹമാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടത്തെ ഭയക്കുന്നില്ലെന്നും നൂര്‍ബിന പറഞ്ഞിരുന്നു.
‘ഫാത്തിമ തഹ്‌ലിയയെന്ന വ്യക്തിയെ അല്ല ഞങ്ങള്‍ എതിര്‍ക്കുന്നത്. വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നത്. വനിതാ ലീഗിലെ അംഗങ്ങളെല്ലാം വളരെ പാവങ്ങളാണ്. അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നാണ് പറയാനുള്ളത്.
തലമുറമാറ്റം സ്ത്രീകള്‍ക്ക് വേണ്ടി മാത്രമാണോ എന്ന ചോദ്യചിഹ്നം വനിതാ ലീഗിന് വേണ്ടി ഞാന്‍ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. വീണ്ടും പറയുന്നു, നൂര്‍ബിന റഷീദ് എന്ന വ്യക്തിക്ക് വേണ്ടിയല്ല ഞാന്‍ സംസാരിക്കുന്നത്. സംഘടനയ്‌ക്ക് അകത്തെ അണികള്‍ നേരിടുന്ന വേദന പൊതുസമൂഹവുമായി പങ്കുവെച്ചിട്ടില്ലെങ്കില്‍ എന്നെ സ്ഥാനത്തിരുത്തിയവരോട് കാണിക്കുന്ന അനീതിയാണ്. പ്രസ് മീറ്റ് നടത്തി പരസ്യമായി തങ്ങളെ അധിക്ഷേപിച്ച ഒരു കീഴ്‌വഴക്കം നമ്മുടെ മുന്‍പിലുണ്ടല്ലോ. ഞാനതൊന്നും അല്ലല്ലോ ചെയ്യുന്നത്’. നൂര്‍ബിന പറഞ്ഞു.
















