ന്യൂദൽഹി: വിദേശസംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ.) ഭേദഗതി ബിൽ ഏതെങ്കിലും വിഭാഗത്തെ ലക്ഷ്യം വച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ
റിജിജു പാർലമെൻ്റിൽ. ബില്ല് ഇന്ന് ചർച്ചയ്‌ക്കെടുക്കില്ലെന്നും കേരളത്തിൽ യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെതിരെ സഭയ്‌ക്ക് അകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. എഫ്‌സിആർഎ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ ലോക്സഭ നിര്‍ത്തിവെച്ചിരുന്നു.
ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആണ് നിയമം എന്നത് ശുദ്ധ അസംബന്ധമാണ്. വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമം. നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. ഇതുകൊണ്ട് മാത്രമാണ് ചില നടപടികൾ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.
ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണ് ബില്ലെന്നും വിശദ പരിശോധനയ്‌ക്കായി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നുമാണ് സിബിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സഭാ നേതൃത്വം നിലപാട് കടുപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തി എംപിമാർ സഭയില്‍ പങ്കെടുക്കാന്‍ ഡൽഹിക്ക് വന്നിരുന്നു.
ബില്ലിനെതിരെ പാർലമെന്‍റിന് മുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. ലോക്സഭയിൽ കിരൺ റിജിജു പ്രസംഗിക്കുമ്പോഴും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി.
















