ന്യൂദൽഹി: അമേരിക്കയുമായി ബന്ധമുള്ള കമ്പനികളെ ലക്ഷ്യമിട്ട് ടെഹ്റാൻ. ഇറാനിലെ ഏതെങ്കിലും കൊലപാതകത്തിന് ഈ സ്ഥാപനങ്ങളെ ആക്രമിച്ചു കൊണ്ട് മറുപടി നൽകുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി. ഐആർജിസി ഇറക്കിയ പ്രസ്താവനയിൽ ജീവനക്കാരെ അത്തരം ജോലിസ്ഥലങ്ങൾ വിട്ടുപോകാനും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താമസക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും നിർദ്ദേശിച്ചു.
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെസ്ല എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള സ്ഥാപനങ്ങളുടെ പേരുകൾ പുറത്തിറക്കിയ മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഏപ്രിൽ 1 ന് ടെഹ്റാൻ സമയം രാത്രി 8 മണി മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
“ഏപ്രിൽ 1 ബുധനാഴ്ച ടെഹ്റാൻ സമയം രാത്രി 8 മണി മുതൽ ഇറാനിൽ നടക്കുന്ന ഓരോ ഭീകരാക്രമണത്തിനും പകരമായി ഈ കമ്പനികളുടെ യൂണിറ്റുകൾ നശിപ്പിക്കുമെന്ന് പ്രതീക്ഷിക്കണം,”- ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം അമേരിക്കയുമായി ഒരു കരാറിന് ഇറാന് സമ്മതിക്കണമെന്നും അല്ലെങ്കില്‍ കൂടുതല്‍ ശക്തമായ സൈനിക നടപടി നേരിടേണ്ടിവരുമെന്നും ട്രംപിന്റെ നിബന്ധനകളില്‍ മാത്രം അവസാനിക്കുന്ന സംഘര്‍ഷത്തില്‍ വരും ദിവസങ്ങള്‍ നിര്‍ണായകമായിരിക്കും എന്നും പറഞ്ഞുകൊണ്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രസ്താവന. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊങ്ങച്ചം പറയാറില്ല എന്നും പിന്മാറാറില്ല എന്നും പറഞ്ഞ ഹെഗ്സെത്ത് ഇറാന്റെ പുതിയ നേതൃത്വം ഇത് തിരിച്ചറിയണമെന്നും കൂട്ടിച്ചേർത്തു. ഭരണമാറ്റം ഇതിനകം സംഭവിച്ചുകഴിഞ്ഞുവെന്നും നിലവിലെ നേതൃത്വം അതിന്റെ മുൻഗാമിയെക്കാൾ ബുദ്ധിപൂർവ്വം പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ വാഷിംഗ്ടണുമായി ഔദ്യോഗിക ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ വിസമ്മതിച്ചു. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ, രാജ്യത്തിന് ഇടനിലക്കാർ വഴിയുള്ള അമിതവും യുക്തിരഹിതവുമായ ആവശ്യങ്ങൾ മാത്രമേ ലഭിച്ചുള്ളൂവെന്നും പാകിസ്ഥാൻ നയിക്കുന്ന മധ്യസ്ഥ ശ്രമങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചുവെന്നും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങളെ ഇറാൻ സ്വാഗതം ചെയ്തു, പക്ഷേ സംഘർഷത്തിന് തുടക്കമിട്ടത് അമേരിക്കയാണെന്നും ഇറാൻ വക്താവ് ഊന്നിപ്പറഞ്ഞു.
















