തിരുവനന്തപുരം: തോക്കെടുക്കുന്ന ദാവൂദ് ഇബ്രാഹിമിനെയല്ല ധുരന്ധര്‍ 2 സിനിമയില്‍ കാണിക്കുന്നത്. വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെയാണ്. ധുരന്ധര്‍ സംവിധായകന്‍ ആദിത്യ ധര്‍ ആണ് ആദ്യമായി ദാവൂദ് ഇബ്രാഹിമിന്റെ ഇങ്ങിനെ അവശനിലയില്‍ രോഗിയായി കഴിയുന്ന വൃദ്ധനായി കാണിച്ചിരിക്കുന്നത്.
ഇതില്‍ ഏറ്റവും വലിയ രോഷം കേരളത്തിലെ മാതൃഭൂമിയ്‌ക്കും മനോരമയ്‌ക്കും ആണെന്ന് തോന്നുന്നു. ധുരന്ധര്‍ 2ല്‍ ദാവൂദ് ഇബ്രാഹിം കിടപ്പുരോഗിയായ ഒരു വൃദ്ധന്‍ എന്ന നിലയ്‌ക്കാണ് കാണിക്കുന്നത്. ചര്‍മ്മത്തില്‍ മെര്‍ക്കുറി പുരട്ടി വിഷലിപ്തമാക്കാന്‍ ശ്രമിച്ചാണ് ദാവൂദ് ഇബ്രാഹിമിനെ രോഗിയാക്കിയതെന്നാണ് ധുരന്ധര്‍ രണ്ടാം ഭാഗത്തില്‍ കാണിക്കുന്നത്. ജമീല്‍ ജമാലി എന്ന കഥാപാത്രം ഒരു ഹസ്തദാനത്തിനിടയില്‍ ദാവൂദ് ഇബ്രാഹിമിന്റെ ചര്‍മ്മത്തില്‍ മെര്‍ക്കുറി പുരട്ടി വിഷം കയറ്റാന്‍ ശ്രമിക്കുകയാണ്. ഇതിലൂടെയാണ് ദാവൂദ് ഇബ്രാഹിം പിന്നീട് മാറാ രോഗിയായി മാറിയതെന്നാണ് ധുരന്ധര്‍ 2ല്‍ പറയുന്നത്.
ഇതിനെതിരെ ഇപ്പോള്‍ ശാസ്ത്രലേഖനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പ്രസിദ്ധീകരിച്ച് ആഞ്ഞടിക്കുകയാണ് മാതൃഭൂമിയും മനോരമയും. ഇങ്ങിനെ ചര്‍മ്മത്തില്‍ മെര്‍ക്കുറി പുരട്ടിയൊന്നും ഒരാളെയും കിടപ്പുരോഗിയാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും ഉദ്ധരിച്ച് തെളിയിക്കാന്‍ പുറപ്പെട്ടിരിക്കുകയാണ് മാതൃഭൂമിയും മനോരമയും.
ഇതിന് മുന്‍പ് എത്രയോ ഹിറ്റ് ബോളിവുഡ് ചിത്രങ്ങള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ട്. വാണിജ്യ സിനിമകള്‍ ഇതുപോലെ വിമര്‍ശിക്കാവുന്ന പല ദൃശ്യങ്ങളും കാണിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ ഷാരൂഖ് ഖാന്റെയും സല്‍മാന്‍ ഖാന്റെയും അമീര്‍ഖാന്റെയും സിനിമകളെ വിമര്‍ശിക്കാന്‍ ഒരുമ്പെടാത്ത മനോരമയും മാതൃഭൂമിയും എന്ത് താല്‍പര്യത്തിന്റെ പുറത്താണ് ധുരന്ധര്‍ സിനിമയിലെ രോഗിയായ ദാവൂദിനെ കാണിച്ചതിനെതിരെ ഇത്ര ആവേശത്തോടെ പ്രതികരിക്കുന്നത് പലരേയും അത്ഭുതപ്പെടുത്തുന്നു. അമ്പരപ്പിക്കുന്നു. ഇനിയും പരമ്പരാഗതമായി ബോളിവുഡ് സിനിമകളില്‍ കാണിക്കുന്നതുപോലെ തോക്കേന്തിയ ദാവൂദ് ഇബ്രാഹിമിന്റെ കണ്ടാലേ മനോരമയ്‌ക്കും മാതൃഭൂമിയ്‌ക്കും തൃപ്തി വരൂ എന്ന് കരുതുന്നു.
















