തൃശൂർ: ക്ഷേത്രനഗരിയായിട്ടും ഗുരുവായൂര്‍ മണ്ഡലത്തില്‍ 1977 മുതല്‍ ഹിന്ദുസമുദായത്തെ പ്രതിനിധീകരിച്ച് ആരും എംഎല്‍എ ആയിട്ടില്ലെന്ന വിമര്‍ശനമുയര്‍ത്തിയ ഗൂരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ ഫ്ലെക്സ് ബോര്‍ഡില്‍ മറ്റൊരു വിവാദത്തിന് തിരികൊളുത്തി. 1977 മുതലുള്ള എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ചിരിക്കുകയാണ് ബി. ഗോപാലകൃഷ്ണന്റെ ഫ്ലെക്സ് ബോര്‍ഡില്‍.
1977 മുതലുള്ള ലിസ്റ്റ് എടുത്താല്‍ ബിവിഎസ് തങ്ങള്‍, പി.കെ.കെ. ബാവ(മൂന്ന് തവണ), പി.എം. അബൂബക്കര്‍, പി.ടി. കുഞ്ഞുമുഹമ്മദ്, കെ.വി. അബ്ദുള്‍ ഖാദര്‍ (മൂന്ന് തവണ), എന്‍.കെ. അക്ബര്‍ എന്നിവരാണ് ഗുരുവായൂരില്‍ ഇതുവരെ എംഎല്‍എമാര്‍ ആയിട്ടുള്ളത്. ഇനി ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്ലെക്സിലെ അഭ്യര്‍ത്ഥന.
നേരത്തെ ഗുരുവായൂരിൽ മുന്നണികൾ മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ നിർത്താറുള്ളൂ എന്ന വിവാദ പരാമർശം ഗോപാലകൃഷ്ണൻ നടത്തിയിരുന്നു. ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി അറിയിക്കാൻ രണ്ടുമാസം സമയം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടറുടെ റിപ്പോർട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് തന്റെ വാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ഫ്ലെക്സുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്.
















