തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബിജെപി സീൽ പതിച്ചതിൽ ഗുരുതര ആരോപണവുമായി ബിജെപി. സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയമുണ്ട്. സീൽ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ജൈസൽ പി അസീസ് എന്ന ഉദ്യോഗസ്ഥൻ സിപിഎം ബന്ധമുള്ളയാളാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ചൂണ്ടിക്കാട്ടി. രാജ്യം ഭരിക്കുന്ന ബിജെപിയെ ഇകഴ്‌ത്തി കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും സിപിഎം ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണിത്. ഒടുവിൽ സംഭവം ചർച്ചയായപ്പോൾ ഇടത് നേതാവിനെയാണ് സസ്‌പൻ്റ് ചെയ്തതെന്നും സുരേഷ് പറഞ്ഞു.
സെക്രട്ടേറിയറ്റിന് അകത്തുള്ള എൻ ജി ഒ യൂണിയന്റെ സമ്മുന്നത നേതാവാണ് സസ്പെൻഷനിലായ ജൈസൽ പി അസീസ്. ഈ അടുത്തകാലത്ത് ജോലിയിൽ പ്രവേശിച്ച ഇയാൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുമായുള്ള ബന്ധം പരിഗണിച്ച് ഇലക്ഷൻ കമ്മിഷനിലേക്ക് ഡെപ്യൂട്ടേഷനിലേക്ക് വിടുകയായിരുന്നു. നിഷ്പക്ഷവും നീതിപുർവവുമായുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നടന്നിരിക്കുന്നതെന്നും സുരേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സിൽ വന്നതിൽ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് അനുകൂല സംഘടനാ പ്രതിനിധികൾ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടന്നു കൂടിയിരിക്കുകയാണ്. ഇതാണ് നേമം നിയോജക മണ്ഡലത്തിലും ഉണ്ടായത്. ശിവൻകുട്ടിയുടെ ഇഷ്ടക്കാരെയാണ് നേമത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്കായി നിയോഗിച്ചതും സംശയമാണ്.
ഇലക്ഷൻ കമ്മീഷനും സിപിഎം നേതാക്കളുമായി ഡീൽ നടക്കുന്നുണ്ട്. അതുമാത്രമല്ല സിപിഎം – കോൺഗ്രസ് – എസ്ഡിപിഐ ഡീലും ഒരു വശത്ത് നടക്കുന്നുണ്ട്. എന്നാൽ ഇതൊന്നും ബിജെപിക്ക് ക്ഷീണമാകില്ല. ബിജെപിയും വിജയം സുനിശ്ചിതമാണെന്നും സുരേഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ശിവൻകുട്ടി ഔദ്യോഗിക വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവൻകുട്ടിക്കൊപ്പമുള്ളവർ ഉപയോഗിക്കുന്നതും സർക്കാർ വാഹനങ്ങളാണ്. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും എസ്. സുരേഷ് ആരോപിച്ചു.
ഇത്തരം സംഭവങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയിട്ടുണ്ട്. രാഷ്‌ട്രീയമായി പ്രവർത്തിക്കുന്നവരെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
















