കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് വഴിയൊരുങ്ങുന്നു. ചാനലിന്റെ സാമ്പത്തിക സ്രോതസ്, ഉടമകളുടെ നിക്ഷേപങ്ങള്‍, ഓഹരികള്‍ എന്നിവയാണ് ഇ ഡി അന്വേഷണ പരിധിയിലെത്തുന്നത്. ചാനലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതി വന്നപ്പോള്‍ തന്നെ ഇ ഡി പ്രാഥമിക വിവരം തേടിയിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സും ബ്രോഡ്കാസ്റ്റിങ് ലൈസന്‍സുമില്ലാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനലില്‍ സാമ്പത്തിക നിക്ഷേപം നടത്തിയവര്‍ക്കെതിരേയും അന്വേഷണം വരും. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയതുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും സമര്‍പ്പിക്കാന്‍ ലൈസന്‍സിയായിരുന്ന എം.വി. നികേഷ്‌കുമാറിന് ആഭ്യന്തര മന്ത്രാലയവും വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പും നിര്‍ദേശം നല്‍കിയിരുന്നു. ലൈസന്‍സ് കൈമാറ്റം ചെയ്യാന്‍ അനുമതിയില്ല. ഇത് ലംഘിച്ചതായി കണ്ടതോടെയാണ് നടപടി. രണ്ട് മാസമാണ് നികേഷിന് ഇതിനായി സമയം നല്‍കിയിരിക്കുന്നത്.
ചാനലിന്റെ സാമ്പത്തിക സ്രോതസ് കേന്ദ്രീകരിച്ചാണ് ഇ ഡിയുടെ അന്വേഷണം വരുന്നത്. നിയമപരമല്ലാതെയാണ് ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടേയും കൈയില്‍ ഈ ലൈസന്‍സ് എത്തിയതെന്നാണ് സൂചന. ഇതിലും കോടികളുടെ കള്ളപ്പണ ഇടപാട് നടന്നതായും വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടിലാണ് അന്വേഷണം പ്രധാനമായും നടക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി അനുവാദമില്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്.
















