കുട്ടനാട്: അർജന്റീന സ്വദേശിനിയായ വിനോദസഞ്ചാരിയുടെ ബാഗിൽ നിന്ന് ഡോളർ മോഷ്ടിച്ച പുരവഞ്ചി ജീവനക്കാരൻ പിടിയിൽ. തകഴി ചിറയകം മുട്ടുങ്കൽ വീട്ടിൽ കെ. അഭിലാഷിനെയാണ് (40) നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ വനിതയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 1600 ഡോളറാണ് ഇയാൾ കവർന്നത്.
ചമ്പക്കുളത്തെ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള പുരവഞ്ചിയിൽ താമസിച്ചിരുന്ന 15 അംഗ അർജന്റീനൻ സംഘത്തിലെ അംഗമായിരുന്നു പണം നഷ്ടപ്പെട്ട യുവതി. കഴിഞ്ഞ 21-ന് വൈകുന്നേരം പുരവഞ്ചി നിർത്തിയിട്ട ശേഷം സഞ്ചാരികൾ റിസോർട്ടിലെ നീന്തൽക്കുളത്തിലേക്ക് പോയ സമയത്താണ് പ്രതി മോഷണം നടത്തിയത്.
പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടൻ വിനോദസഞ്ചാരികൾ നെടുമുടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ബോട്ടിലെ ജീവനക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ അഭിലാഷ് കുറ്റം സമ്മതിക്കുകയും ഒളിപ്പിച്ചു വെച്ച പണം പോലീസ് കണ്ടെടുക്കുകയും ചെയ്തു. നെടുമുടി സി.ഐ എം.എ. ബിനോയ്, ഗ്രേഡ് എസ്.ഐ വി.പി. സുധി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















