ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകർത്തതിൽ ഗുരുതര വെളിപ്പെടുത്തലുമായി മുൻ സിപിഎം മുൻ മന്ത്രിയും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. സജി ചെറിയാനെയും പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് സുധാകരൻ നടത്തിയത്.
സംഭവത്തിൽ സജി ചെറിയാൻ സംശയമുനയിലാണെന്നും അന്വേഷണം വേണ്ട എന്നുപറഞ്ഞത് പിണറായി വിജയനാണെന്നും ജി സുധാകരൻ പറഞ്ഞു. റിപ്പോട്ടർ ടിവിയുടെ ‘നേരോ നേതാവേ’ അഭിമുഖ പരിപാടിയിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. സ്മാരകം തകർത്ത രാത്രി സജി ചെറിയാൻ എങ്ങനെ പെട്ടെന്ന് സ്ഥലത്തെത്തി എന്നാണ് ജി സുധാകരൻ ചോദിച്ചത്. രാത്രി രണ്ടരയ്‌ക്കാണ് സജി സ്ഥലത്തെത്തിയത്. എങ്ങനെ ഇത്ര പെട്ടെന്ന് സജിക്ക് എത്താൻ സാധിച്ചു എന്നും എന്തിനാണ് എത്തിയത് എന്നും സുധാകരൻ ചോദിച്ചു.
പോലീസ് കേസെടുത്തവരല്ല യഥാർത്ഥ പ്രതികൾ. സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിലുണ്ട്. ജില്ലാ സെക്രട്ടേ റിയറ്റ് അന്വേഷണം ആവശ്യപ്പെട്ടുവെങ്കിലും വേണ്ടെന്ന് പിണറായി വിജയൻ നിലപാട് എടുത്തുവെന്നും ജി. സുധാകരൻ പറഞ്ഞു. അന്വേഷണം വേണ്ടെന്നത് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനമായിരുന്നുവെന്നും സുധാകരൻ വെളിപ്പെടുത്തി.
















