ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്‌ക്കെതിരെ കടുത്ത അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവും കായംകുളം യുഡിഎഫ് കൺവീനറുമായ എ ഇർഷാദ് ചക്കാലശേരി. കായംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി “ശരീര അഴക് കൊണ്ടും നാവുചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു എന്നാണ് എ ഇർഷാദ് പറഞ്ഞത്.
കായംകുളത്ത് വച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയെ അധിക്ഷേപിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘ഒരു ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വിൽപനയ്‌ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്’- എന്നായിരുന്നു ഇർഷാദ് ചക്കാലശേരിയുടെ വിവാദപരാമർശം.
യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇർഷാദ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
















