തിരുവനന്തപുരം: പ്രചാരണച്ചൂടു ശക്തമായതോടെ ബിജെപിയുമായി ഡീലെന്ന് പരസ്പരം ആരോപിച്ച് ഇടത്, വലത് മുന്നണികള്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് ആരോപണവുമായി നേര്‍ക്കുനേര്‍. നിര്‍ണായകമായേക്കാവുന്ന മുസ്ലിംവോട്ട് സ്വന്തം പോക്കറ്റിലാക്കാനാണ് ഇവരുടെ ശ്രമം.
രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍
‘ഇടതും വലതും രണ്ടല്ല ഒന്നാണ്’ എന്ന എന്‍ഡിഎ പ്രചാരണം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയതോടെ പരാജയഭീതിയിലായവരുടെ തെറ്റിദ്ധരിപ്പിക്കല്‍ ശ്രമമാണ് ആരോപണത്തിന് പിന്നില്‍. 27 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നിച്ചുനില്‍ക്കുന്നവരുടെ നുണ പ്രചാരണം ജനങ്ങള്‍ തിരിച്ചറിയും.
തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ വന്‍തോതില്‍ ഏകീകരിക്കപ്പെടുമെന്ന ഭയം എല്‍ഡിഎഫിനും യുഡിഎഫിനുമുണ്ട്. ഇതു തടയാനാണ് ഡീല്‍ ആരോപണം. ബിജെപിയെ തോല്‍പ്പിക്കാന്‍ പലയിടങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും വോട്ട് മറിച്ച ചരിത്രമുണ്ട്. 2011ലും 16ലും 25ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് വിവിധ മണ്ഡലങ്ങളില്‍ സിപിഎമ്മിനു മറിച്ചു നല്‍കി. പാര്‍ലമെന്റില്‍ നിയമ നിര്‍മാണങ്ങള്‍ക്കെതിരേ ഒന്നിച്ചു വോട്ടുചെയ്യുന്നവരാണ് ഇടത്, വലതുപക്ഷങ്ങള്‍. പരാജയമുറപ്പായാല്‍ നുണ പ്രചാരണം കോണ്‍ഗ്രസ് രീതിയാണ്.
വി.ഡി. സതീശന്‍
പ്രതിപക്ഷ നേതാവ്
വര്‍ഗീയ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ സിപിഎം-മുസ്ലിം വിരുദ്ധത ആയുധമാക്കുന്നു. പത്തു മണ്ഡലങ്ങളിലെങ്കിലും സിപിഎം-ബിജെപി ഡീലുണ്ട്. പാലക്കാട്ട് സിപിഎം ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിക്കു സീറ്റ് നല്‍കാന്‍ നോക്കുന്നു. പാര്‍ട്ടി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിടത്തെല്ലാം അതുതന്നെയാണ്. ട്വന്റി20 ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല. 90 ഡിഗ്രി വളഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രിയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍
ഡീലുണ്ടാക്കിയ ചരിത്രം കോണ്‍ഗ്രസിനാണ്. ദേശീയ തലത്തില്‍പ്പോലും ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു ഭയമാണ്. ബിജെപിയെ നേരിടാനുള്ള ശക്തി ഇന്ന് പലേടത്തും നമ്മുടെ രാജ്യത്തെ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഒറ്റയ്‌ക്കില്ല. സാധാരണ ബിജെപിയെ എതിര്‍ക്കാന്‍ താത്പര്യമുള്ള എല്ലാവരെയും ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിക്കണം. എന്നാല്‍ അതിനു കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല.
















