ന്യൂദൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപരം മെച്ചപ്പെടുന്നു. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തി. 2025ല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 9.7 ശതമാനം വളര്‍ന്നു. ഇലക്ട്രോണിക്സ് ഉല്പന്നങ്ങള്, ചെമ്മീന്‍, പെട്രോളിയം ലൈറ്റ് ഓയില്‍, ടെലികോം ഘടകപദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കൂടുതല്‍ ഉല്പന്നങ്ങള് ഇന്ത്യ നിര്മ്മിക്കുന്നുതിനാല് ഭാവിയില്‍ ചൈനയിലേക്ക് കൂടുതല്‍ കയറ്റുമതി നടത്താനാകുമെന്ന് ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്.
ചൈനയുമായി ഇന്ത്യ ശ്രദ്ധാപൂര്‍വ്വം അടുക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. ചൈനയില്‍ നിന്നും വിലക്കുറവുള്ള അപൂര്‍വ്വ ധാതുക്കള്‍ ലഭിക്കുന്നതിന് ഇന്ത്യയ്ക്ക് താല്പര്യമുണ്ട്. അങ്ങിനെയെങ്കില്‍ പല മേഖലയിലെയും ഉല്പാദനം ഇന്ത്യയ്ക്ക് ത്വരിതപ്പെടുത്താന്‍ സാധിക്കും. ഇലക്ട്രിക് കാറുകള്‍ മുതല്‍ ചില ആയുധങ്ങളുടെ നിര്‍മ്മാണത്തിന് വരെ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുക്കള്‍ അത്യാവശ്യമാണ്. അതുപോലെ യുഎസിന്റെ നയംമാറ്റത്തിലെ അനിശ്ചിതത്വവും ഇന്ത്യയെ ചൈനയോട് അടുക്കാന്‍ പ്രേരിപ്പിക്കുന്നു. വ്യാപാരത്തില്‍ ഒരു ബാലന്‍സ് കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.
ഇപ്പോഴിതാ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് ഗതാഗതത്തിന്റെ കാര്യത്തില്‍ വലിയ തോതില്‍ ചെലവ് കുറയ്ക്കുന്ന പുതിയൊരു റൂട്ട് തുറക്കുകയാണ്. 2020ല്‍ നടന്ന ഗാല്‍വാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് അടച്ചിട്ട ലിപുലേഖ് ചുരം വഴിയുള്ള ചരക്ക് വ്യാപാരമാണ് ഇന്ത്യയും ചൈനയും വീണ്ടും തുറക്കുന്നത്. ജൂണ്‍ മുതല്‍ ഇതിലൂടെ വ്യാപാരം വീണ്ടും ആരംഭിയ്ക്കും.
ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലാണ് ലിപുലേഖ് ചുരം. ഇന്ത്യ, ചൈന, നേപ്പാൾ എന്നീ മൂന്ന് രാജ്യങ്ങളുടെ അതിർത്തി സംഗമിക്കുന്ന ഇടമായതിനാൽ സൈനികമായും തന്ത്രപരമായും ഈ പ്രദേശം ഇന്ത്യയ്ക്ക് അതീവ പ്രധാനമാണ്.2020ൽ ഗാൽവൻ താഴ്വരയിലെ സംഘർഷത്തെത്തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങൾ കാരണംകഴിഞ്ഞ ആറ് വർഷമായി ഈ പാത വഴിയുള്ള വ്യാപാരം നിർത്തിവച്ചിരിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഇതിന് അനുമതി നൽകിയതായി വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഈ വ്യാപാര സീസൺ നടക്കാറുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിപുലേഖ് ചുരം വഴിയുള്ള വ്യാപാരം പ്രധാനമായും പ്രാദേശിക ഹിമാലയൻ ഉത്പന്നങ്ങളുടെ കൈമാറ്റത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 1954ൽ ആരംഭിച്ച ഈ വ്യാപാരം 1962ലെ യുദ്ധത്തെത്തുടർന്ന് തടസപ്പെട്ടെങ്കിലും 1992ൽ വീണ്ടും പുനരാരംഭിച്ചിരുന്നു.
2018ലെ കണക്കുകൾ പ്രകാരം ഏകദേശം 6.55 കോടി രൂപയുടെ ഇടപാടുകളാണ് ഇതുവഴി നടന്നത്. ഇതിൽ 5.59 കോടി രൂപയുടെ ചൈനീസ് ഇറക്കുമതിയും 96.5 ലക്ഷം രൂപയുടെ ഇന്ത്യൻ കയറ്റുമതിയും ഉൾപ്പെടുന്നു.
















