തിരുവനന്തപുരം: ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കാര്യത്തിലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകൾ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായും അതിനനുസരിച്ചാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കേണ്ടത് പൊതുയോഗത്തിൽ അല്ലെന്നും പത്രസമ്മേളനത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘പൊതുയോഗം എന്ന് പറഞ്ഞാൽ പത്രസമ്മേളനമല്ലല്ലോ. പത്രസമ്മേളനത്തിലാണ് ചോദ്യം ചോദിക്കേണ്ടത്. നിങ്ങൾ എല്ലാവരും നാളെ എന്റെ പൊതുയോഗത്തിൽ വന്ന് ചോദ്യം ചോദിക്കുമോ? അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടി അതുതന്നെയാകും. അത് സ്വാഭാവികമല്ലേ. പൊതുയോഗത്തിന് പൊതുയോഗത്തിന്റേതായ മര്യാദയില്ലേ? പൊതുയോഗത്തിൽ സംസാരിക്കുന്നത് ഇഷ്‌ടമല്ലാത്തവർക്ക് കേൾക്കാതെ പോകാം. ഇഷ്‌ടമുള്ളവർ കേട്ടാൽ മതിയല്ലോ. അതല്ലെ അതിന്റെ രീതി. അത് കലക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ പാടില്ലായിരുന്നു’- മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കോന്നിയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെയാണ് സദസിലിരുന്ന ഒരാൾ ‘ഒരു ചോദ്യം’ എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു ചോദ്യമെത്തിയത്.
ചോദ്യം ചോദിച്ചയാള്‍ക്ക് അത് തെറ്റായി തോന്നിയിട്ടുണ്ടല്ലോ എന്നും അത് തെറ്റ് മനസിലായതുകൊണ്ടല്ലേ എന്നും മുഖ്യമന്ത്രി പറഞ്ഞു.
















