രൺവീർ സിംഗ് നായകനായ ആദിത്യ ധറിന്റെ ധുരന്ധർ 2 എല്ലാ റെക്കോർഡുകളും ഭേദിച്ച് തകർപ്പൻ ഹിറ്റായി തിയേറ്ററുകളിൽ തുടരുകയാണ് . മികച്ച ബോക്സ് ഓഫീസ് പ്രതികരണവും പ്രേക്ഷകരിൽ നിന്ന് നല്ല അവലോകനങ്ങളുമാണ് ചിത്രത്തിന് ലഭിക്കുന്നത് . എന്നാൽ ഇപ്പോൾ ചില രാഷ്‌ട്രീയനേതാക്കളും, നിരൂപകൻ എന്നറിയപ്പെടുന്ന ധ്രുവ് റാഠിയും ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ധുരന്ധർ പ്രൊപഗണ്ട ചിത്രമാണെന്ന് ധ്രുവ് റാഠി പറയുന്നു . ചിത്രം നന്നായല്ല നിർമ്മിച്ചിരിക്കുന്നതെന്നും ധ്രുവ് റാഠി ആരോപിക്കുന്നു. “മൂന്ന് മാസം മുമ്പ് ഞാൻ ആദിത്യ ധറിനെ ബിജെപി പ്രചാരകൻ എന്ന് വിളിച്ചു. മുൻ സിനിമയിൽ അത് സൂചനകൾ മാത്രമായിരുന്നു . പക്ഷേ ഇത്തവണ അദ്ദേഹം അമിത ആത്മവിശ്വാസത്തോടെ അത് തുറന്നു പറഞ്ഞു. നന്നായി നിർമ്മിച്ച പ്രചാരണം കൂടുതൽ അപകടകരമാണെന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? “ എന്നും ധ്രുവ് റാഠി ചോദിക്കുന്നുണ്ട്. ഒന്നുകിൽ നിങ്ങൾക്ക് ഈ പ്രൊപഗണ്ട ചിത്രം കാണാമെന്നും അല്ലെങ്കിൽ തന്റെ എ ഐ മാസ്റ്റർ ക്ലാസിൽ പങ്കെടുക്കാമെന്നും ധ്രുവ് പറയുന്നു.
ധ്രുവ് ആദിത്യയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ധുരന്തർ പുറത്തിറങ്ങിയപ്പോഴും ധ്രുവ് പരസ്യമായി വിമർശിച്ചിരുന്നു. ആ സമയത്ത്, ധ്രുവ് തന്റെ യൂട്യൂബ് ചാനലിൽ ‘റിയാലിറ്റി ഓഫ് ധുരന്ധർ’ എന്ന പേരിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു.“നന്നായി നിർമ്മിച്ച പ്രചാരണ ചിത്രം കൂടുതൽ അപകടകരമാണ്. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫിലിംസ് പോലുള്ള സിനിമകൾ അപകടകരമായിരുന്നില്ല, കാരണം അവ മോശം സിനിമകളായിരുന്നു എന്നാൽ ധുരന്ധർ ഒരു ആകർഷകമായ ചിത്രമാണ്. ആദിത്യധർ നുണപ്രചാരണമാണ് ഈ ചിത്രങ്ങളിലൂടെ നടത്തുന്നത് “ എന്നും ധ്രുവ് റാഠി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം എഐഎംഐഎമ്മിന്റെ വാരിസ് പത്താനും കോൺഗ്രസ് എംപി താരിഖ് അൻവറും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു . വെറുപ്പ് വളർത്തുന്ന ‘പ്രചാരണ ചിത്രം’ എന്ന് മുദ്രകുത്തി സർക്കാർ ഉടൻ തന്നെ നിരോധം ഏർപ്പെടുത്തണമെന്നാണ് വാരിസ് പത്താനും, താരിഖ് അൻവറും ആവശ്യപ്പെടുന്നത്.
ചിലർ കുറച്ച് രൂപയ്‌ക്ക് വേണ്ടി നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നുണ്ടെന്നും അത്തരം സിനിമകൾ നിരോധിക്കണമെന്നുമാണ് വാരിസ് പത്താൻ പറയുന്നത് . സമൂഹത്തെ വിഭജിക്കാൻ രൂപകൽപ്പന ചെയ്ത ഗൂഢാലോചനയാണിതെന്നും, ബിജെപിയുടെ അജണ്ടയെ ഈ സിനിമ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കോൺഗ്രസ് എംപി താരിഖ് അൻവർ ആരോപിച്ചു















