കൊടുങ്ങല്ലൂർ: വിശ്വാസവും ആചാരവും അനുഷ്ഠാനവും ഒന്നിച്ച് ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ അശ്വതി കാവുതീണ്ടി. കാലങ്ങളായി തുടരുന്ന ഭക്തിവിശ്വാസസംസ്‌കൃതിയുടെ തുടർക്കണ്ണിയിൽ പങ്കുചേരാൻ പുതുതലമുറയിലെ വ്രതധാരികളും അണിനിരന്നു. ആവേശവും ആശ്വാസവും ആനന്ദവുമേറ്ററിഞ്ഞ് അനേകായിരങ്ങൾ ആത്മവിശ്വാസംകൊണ്ടു.
.ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ഭക്തിലഹരിയിൽ കോമരങ്ങളും ഭക്തരും ശരരണം വിളികളോടെ കാവുതീണ്ടിയത്.മുളം തണ്ടുകളാൽ ക്ഷേത്രത്തിന്റെ ചെമ്പുമേൽകൂരയിൽ അടിച്ചും വഴിപാട് പൊതികൾ ക്ഷേത്രത്തിലേക്കെറിഞ്ഞും നടന്ന കാവുതീണ്ടൽ യുദ്ധസമാനമായ കാഴ്ചയായിരുന്നു.

അശ്വതിനാളിൽ രാവിലെ ക്ഷേത്രാധികാരിയായ വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജ പല്ലക്കിൽ ബലിപ്പുരയിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഭഗവതിക്ക് ചികിത്സ വിധിക്കുന്ന പാലയ്‌ക്കൽ വേലൻ ദേവീദാസൻ പടിഞ്ഞാറേനടയിൽ പീഠമിട്ട് ഇരുന്നു. കുന്നത്തുമഠം പരമേശ്വരനുണ്ണി അടികൾ, മഠത്തിൽ മഠം രവീന്ദ്രനാഥനടികൾ എന്നിവർ ചേർന്നാണ് പൂജകൾ നിർവഹിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ഉച്ചക്ക് ഒരു മണിയോടെ ക്ഷേത്രത്തിൽ നിന്നും മടങ്ങിയിരുന്നു.തുടർന്ന് ഇളമുറ തമ്പുരാൻ ഗോദവർമ്മ രാജയാണ് അശ്വതി നാളിലെ ചടങ്ങുകൾ പൂർത്തിയാക്കിയത്. പുതിയ പൂജാപാത്രങ്ങൾ ഉപയോഗിച്ച് കരിക്കിൻവെള്ളം ചേർത്ത് മഞ്ഞൾപ്പൊടി കുഴമ്പുരൂപത്തിലാക്കി തൃച്ചന്ദനമാക്കി ഭഗവതിക്ക് ചാർത്തിയാണ് അശ്വതി പൂജ നടന്നത്. പൂജകൾ പൂർത്തിയാക്കി അടികൾമാരും തമ്പുരാൻ ഗോദവർമരാജയും ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്‌ക്കാട്ടുമന ശങ്കരൻ നമ്പൂതിരിപ്പാടും മറ്റ് പരിവാരങ്ങളും കിഴക്കേനടയിലൂടെ പുറത്തിറങ്ങി. തമ്പുരാൻ അടികൾമാർക്ക് അധികാരദണ്ഡ് കൈമാറി. തുടർന്ന് നിലപാടുതറയിൽ എഴുന്നള്ളിയ തമ്പുരാൻ ഗോദവർമരാജ കാവുതീണ്ടാൻ അനുമതി നൽകിയതിനെ സൂചിപ്പിച്ച് കോയ്‌മ ചെമ്പട്ടുകുട ഉയർത്തിക്കാണിച്ചു. ഇതോടെ പടിഞ്ഞാറേനടയിൽ പാലയ്‌ക്കൽ വേലൻ ആദ്യം കാവുതീണ്ടി. പിന്നാലെ കോമരങ്ങളും ഭക്തരും കാവുതീണ്ടി.തുടർന്ന് നിലപാടുതറയിലെത്തി വലിയ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയാണ് ഭക്തർ കാവിൽ നിന്നും മടങ്ങിയത്.ഭരണി നാളായ ഇന്ന് ( 22/3) രാവിലെ പട്ടാര്യ സമുദായക്കാർ കുശ്മാണ്ട ബലി നടത്തി വെന്നികൊടി ഉയർത്തുന്നതോടെ മീനഭരണി ചടങ്ങുകൾ സമാപിക്കും.ഈ മാസം 28ന് നടതുറപ്പ് മുതലാണ് ഇനി ക്ഷേത്ര നട ദർശനത്തിനായി തുറക്കുക.
















