കോഴിക്കോട്: കേരള നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാരാണെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വിസി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബ്രഹ്‌മാനന്ദ ശിവയോഗി, ചട്ടമ്പി സ്വാമികള്‍, വാഗ്ഭടാനന്ദ ഗുരു, ശ്രീനാരായണ ഗുരുദേവന്‍ എന്നിവരാണവര്‍. ഈ സംന്യാസ പരമ്പരയുടെ തുടര്‍ച്ചയായി നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോയത് മാധവ്ജിയാണ്. പി. പരമേശ്വരന്‍, എം.എ. കൃഷ്ണന്‍ തുടങ്ങി ആര്‍എസ്എസിന്റെ ആദ്യകാല നേതാക്കള്‍ നവോത്ഥാന രംഗത്ത് സൃഷ്ടിച്ച മാറ്റം ഏറെയാണ്. ക്ഷേത്ര പ്രവേശനത്തിലൂടെയാണ് ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പറ്റിയതെന്ന ചരിത്ര ആഖ്യാനം തെറ്റാണ്. കടലോരത്തെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പിന്നാക്ക വിഭാഗത്തിന് പ്രവേശനം ഉണ്ടായിരുന്നു. കാടുകളിലെ വനദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഗോത്രവിഭാഗവും ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ക്ഷേത്ര കേന്ദ്രിതമായി വളര്‍ന്നുവന്ന സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്ര വ്യവഹാര സംബന്ധമായ നവോത്ഥാന മുന്നേറ്റത്തെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മലബാര്‍ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ അധ്യക്ഷനായി. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, മുന്‍ അധ്യക്ഷന്‍ എം. മോഹനന്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. അഡ്വ. ടി. അരുണ്‍ജോഷി, ഡോ. സേതു എന്‍. മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ലളിതാസഹസ്രനാമാര്‍ച്ചനയുമുണ്ടായി.















