അബുദാബി: ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഒരു ഭീകരശൃംഖലയെ തകര്‍ത്ത് യുഎഇ ആഭ്യന്തര വകുപ്പ്. ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ശൃംഖലയിലെ അംഗങ്ങളെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. ഇറാൻ, ഹിസ്ബുല്ല എന്നിവയുമായി ബന്ധമുള്ള വിദേശ സംഘടനകളുടെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് പണം നൽകൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ ഇവർ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് നുഴഞ്ഞുകയറുന്നതിനായി വ്യാജ വാണിജ്യ സ്ഥാപനങ്ങളുടെ മറവിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെയോ സിവിൽ സ്ഥാപനങ്ങളെയോ ഭീകരപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയുടെ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ ഇടപെടലുകളും വെച്ചുപൊറുപ്പിക്കില്ലെന്ന് യുഎഇ ആഭ്യന്തരവകുപ്പ് ആവർത്തിച്ചു.
അതേസമയം കുവൈത്തിൽ കഴിഞ്ഞ ദിവസം രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. രഹസ്യാന്വേഷണത്തില്‍ ഹിസ്ബുല്ലയുമായി ബന്ധമുള്ള ഭീകരസംഘത്തിലെ 10 കുവൈത്തി പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവർ വിദേശ സംഘങ്ങളുമായി ചേർന്ന് ലക്ഷ്യമിട്ട കേന്ദ്രങ്ങളുടെ വിവരങ്ങളും ലൊക്കേഷൻ കോർഡിനേറ്റുകളും കൈമാറാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിൽ പ്രതികൾ ഹിസ്ബുല്ലയുമായി ബന്ധമുള്ള ക്യാമ്പുകളിൽ പരിശീലനം നേടിയതായി തെളിഞ്ഞു. ആയുധങ്ങൾ ഉപയോഗിക്കാനും ഡ്രോണുകള്‍ നിയന്ത്രിക്കാനുമാണ് ഇവര്‍ പഠിച്ചിരിക്കുന്നത്. ഇസ്രയേലില്‍ ഹമാസ് നടത്തിയതുപോലുള്ള ഒരു ആക്രമണമാണോ ഇവരുടെ അജണ്ടയെന്ന് സംശയിക്കുന്നു.
















