ന്യൂഡൽഹി: പാചകം പോലുള്ള വീട്ടുജോലികൾ ചെയ്യുന്നതിൽ ഭാര്യ പരാജയപ്പെടുന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ദാമ്പത്യ ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള കോടതിയുടെ സുപ്രധാന നിരീക്ഷണമാണിത് .ഭാര്യ ക്രൂരത കാട്ടുന്നുവെന്ന പേരിൽ വിവാഹമോചനം തേടുന്ന യുവാവിനോടാണ് സുപ്രീം കോടതിയുടെ പരാമർശം.വിവാഹത്തിനുള്ളിൽ പങ്കിട്ട ഉത്തരവാദിത്തങ്ങളുടെ ആവശ്യകതയെ ജസ്റ്റിസുമാരായ സന്ദീപ് മേത്തയും വിക്രം നാഥും അടങ്ങുന്ന ബെഞ്ച് അടിവരയിട്ട് വ്യക്തമാക്കി.
‘ നിങ്ങൾ ഒരു വേലക്കാരിയെ അല്ല വിവാഹം കഴിക്കുന്നത് . നിങ്ങൾ ഒരു ജീവിത പങ്കാളിയെയാണ് വിവാഹം കഴിക്കുന്നത് . പാചകം, വസ്ത്രങ്ങൾ കഴുകൽ മുതലായവയിൽ നിങ്ങളും സഹായിക്കണം . ഇന്നത്തെ കാലം വ്യത്യസ്തമാണ്.‘ – ജസ്റ്റിസ് മേത്ത വാദം കേൾക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.
കുടുംബ കോടതി തനിക്ക് അനുകൂലമായി നൽകിയ വിവാഹമോചന വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി .2017 ൽ വിവാഹിതരായ ദമ്പതികൾക്ക് എട്ട് വയസ്സുള്ള ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞ് ഒരു ആഴ്ചയ്‌ക്കുള്ളിൽ ഭാര്യയുടെ പെരുമാറ്റം മാറിയെന്ന് അവകാശപ്പെട്ട് ഭർത്താവ് ക്രൂരത ആരോപിച്ച് വിവാഹമോചനം തേടിയിരുന്നു. തന്നോടും മാതാപിതാക്കളോടും മോശമായ ഭാഷയിൽ സംസാരിച്ചെന്നും, പാചകം ചെയ്യാൻ വിസമ്മതിച്ചെന്നും, കുട്ടിയുടെ തൊട്ടിൽ ചടങ്ങിന് ക്ഷണിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചു.
എന്നാൽ, ഭാര്യ ഈ വാദങ്ങളെ എതിർത്തു, ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും സമ്മതത്തോടെ പ്രസവത്തിനായി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതാണെന്ന് ഭാര്യ ഹർജിയിൽ പറഞ്ഞു. ഭർതൃവീട്ടുകാർ തൊട്ടിൽ ചടങ്ങിൽ പങ്കെടുത്തില്ലെന്നും കുടുംബത്തിൽ നിന്ന് പണവും സ്വർണ്ണവും ആവശ്യപ്പെട്ടെന്നും , ശമ്പളം നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നും അവർ പറഞ്ഞു.
ഭർത്താവിന്റെ ഹർജി കുടുംബ കോടതി അംഗീകരിച്ച് ക്രൂരതയുടെ പേരിൽ വിവാഹമോചനം അനുവദിച്ചെങ്കിലും, ഹൈക്കോടതി പിന്നീട് തീരുമാനം റദ്ദാക്കി, ഭർത്താവ് സുപ്രീം കോടതിയെ സമീപിച്ചു.സുപ്രീം കോടതി നേരത്തെ വിഷയം മധ്യസ്ഥതയ്‌ക്ക് അയച്ചിരുന്നു, പക്ഷേ പരിഹാരമായില്ല. തർക്കം പരിശോധിക്കുന്നത് തുടരുന്നതിനാൽ അടുത്ത ഹിയറിംഗിൽ ഇരു കക്ഷികളും നേരിട്ട് ഹാജരാകാൻ ബെഞ്ച് ഇപ്പോൾ നിർദ്ദേശിച്ചിട്ടുണ്ട്.
















