Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് പരിശോധന ഫലം പുറത്തുവന്നത്. ഈ കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രോഗലക്ഷണം കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷിഗെല്ല എന്നത് ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ രോഗമാണ്. സാധാരണയായി മലിന ജലവും ഭക്ഷണവും വഴിയാണ് ഇത് പകരുന്നത്.ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് രോഗം പടർന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അടിയന്തിര നടപടികൾ സ്വീകരിച്ച് പരിശോധന നടത്തിവരികയാണ്.

പനി,വയറുവേദന, ഛർദ്ദി, ക്ഷീണം,നിർജ്ജലീകരണം എന്നിവയാണ് ലക്ഷണങ്ങൾ. മലിന ജലം കുടിക്കുന്നത് മൂലവും, കേടായ ഭക്ഷണം കഴിക്കുന്നത് കൊണ്ടോ, രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടെങ്കിലോ രോഗം പകരാം. ഷിഗെല്ല ബാധിച്ചാൽ .കുട്ടികൾക്ക് ആണ് കൂടുതൽ അപകടം. പ്രത്യേകിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ ഈ രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. ശ്രദ്ധിക്കാതെ പോകുന്ന പക്ഷം വേഗത്തിൽ വ്യാപിക്കാനും സാധ്യതയുണ്ട്.

ഷിഗെല്ല പോലുള്ള രോഗങ്ങൾ ചെറിയ അശ്രദ്ധ മൂലം തന്നെ പെട്ടെന്ന് പടരാൻ ഇടയാക്കും. പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുന്നത് അനിവാര്യമാണ്. ആരോഗ്യവകുപ്പ് നിർദേശങ്ങൾ കർശനമായി പാലിച്ചാൽ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാൻ സാധിക്കും.