
തിരുവനന്തപുരം: പണ്ടൊന്നും സ്വര്‍ണവിലയില്‍ ഇത്ര ചാഞ്ചാട്ടം ഇല്ലായിരുന്നുവെന്നും ഇന്ന് ഓരോ മിനുട്ട് കൂടുമ്പോഴും മാറ്റം വരുന്നുണ്ടെന്നും കല്യാണ്‍ ജ്വല്ലറി എംഡി ടി.എസ്. കല്യാണരാമന്‍. ആഗോളയുദ്ധസാഹചര്യത്തില്‍ സ്വര്‍ണ്ണവില മാറിമാറിയുന്നത് മൂലം സ്വര്‍ണ്ണവ്യാപാരികളും വലയുകയാണ്.
“രാവിലെ മുതല്‍ രാത്രി വരെ സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും ഒരു ദിവസം രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ വില നിശ്ചയിക്കാന്‍ അസോസിയേഷനുകള്‍ മുതിരാറില്ല. കാരണം ഓരോ മണിക്കൂറില്‍ വിലയില്‍ മാറ്റം വരുമ്പോഴും അതിനനുസരിച്ച് സ്വര്‍ണ്ണവില നിശ്ചയിക്കുക സാധ്യമല്ല. രാവിലെ ഒരു തവണ ഒരു വില നിശ്ചയിച്ച് കഴിഞ്ഞാല്‍ പിന്നെ ഉച്ചയ്‌ക്കോ വൈകിട്ടോ ആവും അടുത്ത വില നിശ്ചയിക്കുക. ഒരു ദിവസം രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ വില നിശ്ചയിക്കില്ല. കൂടിപ്പോയാല്‍ 2 തവണ.”- കല്യാണരാമന്‍ പറയുന്നു.
”സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നത് അന്താരാഷ്‌ട്ര തലത്തിലാണ്. ഡോളറിന്റെയും രൂപയുടേയും മൂല്യത്തിന് അനുസരിച്ചാണത്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് വിവിധ അസോസിയേഷനുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നിട്ടാണ്. ഒരു വില അതുവഴി തീരുമാനിക്കും. കാരണം പല കടകളില്‍ പല വിലകള്‍ വരാന്‍ പാടില്ലല്ലോ. ജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകും.”- സ്വര്‍ണ്ണവില നിശ്ചയിക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കല്യാണരാമന്‍ വിശദീകരിച്ചു.
22 കാരറ്റ് എടുക്കാന്‍ വരുന്നവര്‍ 18 കാരറ്റ് എടുത്ത് സന്തോഷത്തോടെ പോകുന്നു
_”സ്വര്‍ണ വില കുറഞ്ഞതും കൂടിയതുമെല്ലാം ജനങ്ങള്‍ക്ക് ടിവിയില്‍ കൂടി അറിയാം. സ്വര്‍ണവില കുറഞ്ഞിട്ടും നിങ്ങള്‍ എന്താണ് ഈ വിലയ്‌ക്ക് വില്‍ക്കുന്നത് എന്ന് അവര്‍ ചോദിക്കും. വില ഉയരുമ്പോള്‍ കൂട്ടിയിടേണ്ടി വരും, കാരണം പര്‍ച്ചേസ് ചെയ്യണമല്ലോ. 100 ഗ്രാം വിറ്റാല്‍ ആ 100 ഗ്രാം വാങ്ങിക്കണം. കടയില്‍ സ്‌റ്റോക്ക് ഉണ്ടാകണമല്ലോ. സ്വര്‍ണത്തിന്റെ വില കൂടിയപ്പോള്‍, കല്യാണത്തിന് ഒരു പത്ത് ലക്ഷത്തിന്റെ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ 22 കാരറ്റ് വാങ്ങുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം 18 കാരറ്റ് വാങ്ങുമ്പോള്‍ കിട്ടുമെന്ന് പറഞ്ഞ് അതിലേക്ക് തിരിയുന്നുണ്ട്. ഞങ്ങളുടെ കടയിലും അതുണ്ട്.”-കല്യാണരാമന്‍ പറയുന്നു.