കോട്ടയം: മാറ്റത്തിന്റെ മണിമുഴക്കുവുമായി ഏറ്റുമാനൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സിനിമ-സീരിയല്‍ താരം വീണാ നായര്‍. സിനിമ സീരിയല്‍ രംഗത്തെ വര്‍ഷങ്ങളുടെ അനുഭവവുമായാണ് നടി വീണ നായര്‍ ഏറ്റുമാനൂരില്‍ എന്‍ഡിഎ ഘടക കക്ഷിയായ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി മത്സര ഗോദയിലേക്കിറങ്ങുന്നത്.
വീണയുടെ സാന്നിധ്യം നിലവില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ മത്സര ചിത്രത്തിന് പുതിയ മാനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. കലാകാരന്മാരുടെ നാടായി അറിയപ്പെടുന്ന ഒളശ്ശയിലാണ് ജനനം. പിന്നീട് പരിപ്പിലാണ് വളര്‍ന്നത്. പരേതയായ ബാബു കെയുടെയും പരേതയായ ലതിക ബാബുവിന്റെയും മകളാണ്. പരിപ്പ് എന്‍എസ്എസ് ഹൈസ്‌കൂളിലും ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ ബിരുദം നേടി.
അറിയപ്പെടുന്ന ക്ലാസിക്കല്‍ നര്‍ത്തകി കൂടിയാണ് വീണ. നാലാം വയസ്സില്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ വീണനായര്‍ 16-ാം വയസ്സില്‍ മിനി സിക്രീന ിലെത്തുന്നത്. മനോജ് സംവിധാനം ചെയ്ത ഏഷ്യാനെറ്റിലെ മകള്‍ ആയിരുന്നു അവരുടെ ആദ്യ ടെലിവിഷന്‍ സീരിയല്‍. വര്‍ഷങ്ങളായി, മലയാളത്തിലും തമിഴിലുമായി 50 ഓളം സീരിയലുകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ 2014-ല്‍ സിനിമാ അരങ്ങേറ്റം കുറിച്ചത്, അവിടെ പഞ്ചായത്ത് പ്രസിഡന്റ് (ഷോളി) എന്ന അവിസ്മരണീയമായ വേഷം അവര്‍ ചെയ്തു. അതിനുശേഷം ഏകദേശം 40 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ ഒരു ജനപ്രിയ മത്സരാര്‍ത്ഥി കൂടിയായിരുന്നു അവര്‍. കൊച്ചിയിലെ നൈപുണ്യ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന ധന്‍വിന്‍ (അമ്പാടി) എന്ന മകനുണ്ട്.
















