പാലാ: കഴിഞ്ഞകാല രാഷ്‌ട്രീയവും വികസനവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് പാലാ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: ഷോണ്‍ ജോര്‍ജ് പറഞ്ഞു. പാലായില്‍ ഇടത് വലത് രാഷ്‌ട്രീയം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്. അതിന് ഒരു മാറ്റം വരണം. അതിന് നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ. ആ മോദിജിക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്ന് ഷോണ്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ ഉത്സവമാണ് തെരഞ്ഞെടുപ്പ്. യഥാര്‍ത്ഥ യജമാനന്‍മാര്‍ ജനങ്ങളാണ് അവരെ പരമാവധി നേരില്‍ കണ്ട് വോട്ട് ചോദിക്കാന്‍ ശ്രമിക്കും. അതാണ് മര്യാദ. പാലാ ടൗണില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷോണ്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ഷോണ്‍ ജോര്‍ജ് പാലാ നഗരത്തില്‍ വിപുലമായ വോട്ട് അഭ്യര്‍ത്ഥന നടത്തി.
നൂറുകണക്കിന് പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടുകൂടി രാവിലെ ഒന്‍പതരയ്‌ക്ക് ളാലം മേജര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയും പാലാ ജൂബിലി കപ്പേളയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് ഷോണിന്റെ പ്രചാരണ പര്യടനം ആരംഭിച്ചത്. മിനി സിവില്‍ സ്റ്റേഷന്‍, കത്തിശുപള്ളി കവല, ടിബി റോഡ്, മുന്‍സിപ്പല്‍ സ്റ്റേഡിയം വഴിയായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരെയും, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരെയും, ചുമട്ടുതൊഴിലാളികളെയും പൊതുജനങ്ങളെയും നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പൈക ടൗണിലും സമീപ പ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥി വോട്ട് തേടി.
പാലാ മരിയ സദനത്തിന്റെ ഇടപ്പാടിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഷോണ്‍ പങ്കെടുത്തു. പ്രചാരണത്തിന്റെ ഭാഗമായി പാലാ ജൂബിലി കപ്പേള, ളാലം മഹാദേവ ക്ഷേത്രം, വിളക്കുമാടം ശ്രീഭഗവതി ക്ഷേത്രം, ഇടമറ്റം എസ്എന്‍ഡിപി ഗുരുദേവ ക്ഷേത്രം, ശ്രീഭദ്ര സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളും സന്ദര്‍ശിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും ഘടകകക്ഷി നേതാക്കളും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.
















