ബെംഗളൂരു: റീൽസ് എടുക്കാൻ പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു. യുവതിയും ഭർത്താവും ഭർതൃമാതാവും ഭർതൃ സഹോദരനും ചേർന്നാണ് പിതാവിനെ കുറയർ ചെയ്യാൻ ഓഫീസിലെത്തിയത്. ബെംഗളൂരുവിലാണ് സംഭവം. വലിയ പാക്കേജ് കണ്ടതോടെ എന്താണ് കുറിയർ ചെയ്യുന്നത് എന്ന് ജീവനക്കാർ ചോദിച്ചു. ഇതോടെയാണ് പിതാവ് ചാക്കിന് പുറത്തെത്തിയത്. ചാക്കിലെന്താണ് എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല. ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു.
ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വിഡിയോയ്‌ക്ക് വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു. റംസാൻ, ഉഗാഡി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കുറിയർ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കുറിയർ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച യുവതിയോടും കുടുംബത്തോടും ഇവരുടെ പ്രവൃത്തി അനുചിതമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീലും പൊലീസ് പോസ്റ്റ് ചെയ്യിപ്പിച്ചു. കർശന മുന്നറിയിപ്പ് നൽകി കുടുംബത്തെ വിട്ടയക്കുകയായിരുന്നു.
















