
മസ്കറ്റ്: സുഹൃത്തിന്റെ ചതിയിൽപ്പെട്ട് ജയിലിലായ മനോജിന് ഒടുവിൽ രക്ഷയായി മാറിയത് ഒമാനിലെ പ്രവാസി മലയാളികളുടെ ഇടപെടല്‍. ബിസിനസ് വിപുലീകരിക്കാമെന്നും വിദേശത്ത് നിന്ന് പച്ചക്കറി ഇറക്കി കച്ചവടം നടത്തി ലാഭകരമാക്കാമെന്നും പറഞ്ഞ് സുഹൃത്ത് മനോജിനെ വിശ്വസിപ്പിച്ചു.
സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച മനോജ് സ്വന്തം വീടും സ്ഥലവും ബാങ്കിൽ പണയം വെച്ച് പണം നല്‍കി. പോരാത്ത പണം സ്പോൺസറിൽ നിന്ന് കടംവാങ്ങിയും സുഹൃത്തിന് നല്‍കി. എന്നാൽ പിന്നീട് സുഹൃത്ത് ആ പണവുമായി മുങ്ങുകയായിരുന്നു. ഇതിന്റെ പേരില്‍ പത്ത് വര്‍ഷത്തോളമാണ് ഒമാനിലെ ജയിലില്‍ മനോജ് നരകിച്ചത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശിയായ മനോജ് ജയില്‍ മോചിതനായി. പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമപോരാട്ടവും പ്രവാസി മലയാളികളുടെ കയ്യയഞ്ഞ ധനസഹായവും ഇതിന് താങ്ങായി.
പണം തിരിച്ചുനല്‍കാതായതോടെ കമ്പനിയും സ്പോൺസറും കേസുകൾ കൊടുത്തതോടെയാണ് മനോജ് ജയിലിലായത്. വീടും സ്ഥലവും ജപ്തി ചെയ്തു. സ്വന്തം കുടുംബത്തെ പോലും കാണാൻ കഴിയാതെ പത്ത് വര്‍ഷത്തോളമാണ് മനോജ് ജയിലില്‍ കഴിഞ്ഞത്.
ഇതിനിടെയാണ് മനോജിന്റെ കേസ് ഒമാനിലെ പ്രവാസി ലീഗൽ സെല്ലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കേസില്‍ മനോജിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെ നിയമപരമായ ഇടപെടലുകൾ ആരംഭിക്കുകയും ഒടുവിൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ജയിൽ മോചിതനായ ശേഷം മനോജ് ചില ജോലികളില്‍ ഏര്‍പ്പെട്ട് സ്പോണ്‍സറുടെയും കമ്പനിയുടെയും കടങ്ങൾ തിരിച്ചടക്കാൻ ശ്രമിച്ചു. കടം തീര്‍ത്തതോടെ സ്പോൺസർ നാട്ടിലേക്ക് പോകാൻ അനുമതി നൽകി. എന്നാൽ കേസ് തീരാത്തതിനാല്‍ വിമാനത്താവളത്തിൽ വെച്ച് മനോജ് വീണ്ടും പിടിക്കപ്പെട്ടു. വീണ്ടും ഒമാനിലെ ജയിലിലേക്ക്.
ഇക്കുറിയും ഒമാനിലെ നല്ല മനസ്സുള്ള പ്രവാസി മലയാളികളും വിവിധ സംഘടനകളും നൽകിയ പിന്തുണയും സഹായവും കൊണ്ടാണ് മനോജിന് വീണ്ടും ജയില്‍ മോചിതനായത്.