തിരുവനന്തപുരം :മുള്ളന്‍പന്നിയെ അടിച്ചു കൊന്ന കേസിലെ പ്രതി സിപിഎം നേതാവും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റുമായ വെള്ളനാട് ശശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവൃത്തിയെ ചെറുതായി കാണാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്.
സ്ഥലത്തെ ജനങ്ങളുടെയും കുട്ടികളുടെയും ജീവന്‍ രക്ഷിക്കാന്‍ ചെയ്ത പ്രവൃത്തിയെന്നാണ് പ്രതിഭാഗം വാദം.പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ട വ്യക്തി, നിയമം പാലിക്കാത്ത സാഹചര്യം ഗൗരവമായി കാണണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി കണക്കിലെടുത്തു.
കഴിഞ്ഞ മാസം 28ന് വെള്ളനാട് വാളിയറ ആശ്രമത്തിനടുത്തുള്ള അരുണ്‍ കുമാറിന്റെ വീട്ടുവളപ്പിലാണ് മുള്ളന്‍പന്നിയെ ശശി ഇരുമ്പു പൈപ്പു കൊണ്ട് അടിച്ചു കൊന്നത്. ശശിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.
















