
ഐഡിയ സ്റ്റാർ സിങറിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ മലയാളികൾ കണ്ട് തുടങ്ങിയതാണ് അമൃത സുരേഷിനെ. മാർക്ക് ഉണ്ടായിട്ടും വോട്ട് കുറഞ്ഞതിന്റെ പേരിൽ പുറത്താകേണ്ടി വന്നപ്പോൾ പൊട്ടിക്കരഞ്ഞ് സങ്കടം പറഞ്ഞ അമൃതയുടെ മുഖം ഇന്നും മലയാളികൾക്ക് ഓർമയുണ്ട്. നിരവധി ഗായകരെ സംഗീത ശാഖയ്‌ക്ക് സമ്മാനിച്ച റിയാലിറ്റി ഷോയായിരുന്നു ഐഡിയ സ്റ്റാർ സിങർ.
അതിൽ വർഷങ്ങൾ പിന്നിട്ടിട്ടും കരിയറിൽ ശോഭിച്ച് നിൽക്കുന്ന ചുരുക്കം ചിലരെയുള്ളു. അതിലൊരാളാണ് അമൃത. ഐഡിയ സ്റ്റാർ സിങറിൽ നിന്നും എവിക്ടായി വൈകാതെ തന്നെയായിരുന്നു ബാലയുമായുള്ള അമൃതയുടെ വിവാഹം. അന്ന് പ്രായം വെറും പത്തൊമ്പത് വയസ്. വിവാഹശേഷം സംഗീതത്തിൽ അത്ര ആക്ടീവായിരുന്നില്ല അമൃത. പിന്നാലെ ഒരു മകളും പിറന്നു.
ഇരവരും പ്രണയിച്ച് വിവാഹിതരായിരുന്നവരായിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമായിരുന്നില്ല അമൃതയ്‌ക്ക് ലഭിച്ചത്. അതിൽ നിന്നും പുറത്ത് കടക്കാൻ വർഷങ്ങളോളം പോരാടേണ്ടി വന്നു. അതിന്റെ പേരിൽ ഇപ്പോഴും സൈബർ ബുള്ളിയിങും പരിഹാസവും അപമാനവും അമൃതയും കുടുംബവും ഏറ്റുവാങ്ങാറുണ്ട്. ടീനേജറായ ഒരു മകളുടെ അമ്മയാണ് അമൃത ഇന്ന്. ബാലയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച് വർഷങ്ങൾക്കുശേഷമാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ അമൃതയുടെ ജീവിതത്തിലേക്ക് വരുന്നത്. പക്ഷെ ആ ബന്ധത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ കുടുംബവും മകളും സംഗീതവുമെല്ലാമാണ് അമൃതയുടെ ലോകം. എന്നിരുന്നാലും മുൻകാലത്ത് താരത്തിന്റെ ജീവിതത്തിന്റെ സംഭവിച്ച കാര്യങ്ങളുടെ പേരിൽ ഇന്നും അമൃതയ്‌ക്ക് പഴികേൾക്കേണ്ടി വരാറുണ്ട്.
തന്റെ മക്കളെ പരിഹസിക്കുന്നവർക്ക് എതിരെ പ്രതികരിക്കുകയാണിപ്പോൾ അമൃതയുടെ അമ്മ ലൈല. തെറ്റുകൾ ചിലത് തന്റെ മകൾക്ക് സംഭവിച്ചിട്ടുണ്ടെന്നും എല്ലാവരും തെറ്റുകൾ സംഭവിച്ചിട്ടുള്ളവർ അല്ലേയെന്നും ലൈല ചോദിച്ചു. തെറ്റുകൾ ചിലത് സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. എത്രയോ പേർ ആരും കാണാതെ തെറ്റ് ചെയ്യുന്നുണ്ട്. ഭർത്താവുള്ളവരും ഭർത്താവ് ഇല്ലാത്ത സമയത്തും തെറ്റ് ചെയ്യുന്നവർ ഇല്ലേ?. പക്ഷെ ഈ കുട്ടി ചെയ്തത് ആ ഒരു തെറ്റല്ലേ. എന്ന് കരുതി ജീവിതകാലം മുഴുവൻ സന്യാസിയായി ജീവിക്കാൻ അവളെ ഞാൻ അനുവദിക്കില്ല. ഞാൻ ആ കുട്ടിക്ക് ഒരു വരനെ കണ്ടുപിടിക്കും. കണ്ടുപിടിച്ചിട്ടുമുണ്ട്. ഞാൻ കെട്ടിക്കുകയും ചെയ്യും. അത് തീർച്ചയുള്ള കാര്യമാണ്. അവൾക്ക് ഒറ്റയ്‌ക്ക് സഞ്ചരിക്കാൻ പറ്റില്ല. അഭിരാമിക്കും അതുപോലെ തന്നെ.
രണ്ടുപേരുടെയും കല്യാണം ഉറപ്പിച്ച് തന്നെ വെച്ചിരിക്കുകയാണ്. കെട്ടിക്കാൻ പോവുകയാണ്. ഇനി തീരുമാനിക്കുന്നത് ഞങ്ങളാണ്. ഇത്രയും അവൾ സ്വന്തം തീരുമാനിച്ചതായിരുന്നു. ഇനി ഞങ്ങൾ കുടുംബക്കാർ തീരുമാനിച്ച് ഒരാളെ അവൾക്ക് കണ്ടുപിടിച്ച് കൊടുക്കും. പിന്നെ കുടുംബക്കാർ കണ്ടുപിടിച്ചാലും നിങ്ങൾ വെറുതെ ഇരിക്കുമോ?. കീറി മുറിക്കും. എന്ത് സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് അറിയാമോ?. കണ്ണേറ് കിട്ടുന്നത് പോലെയാണിപ്പോൾ എന്നാണ് അമൃതയുടെ അമ്മ പറഞ്ഞത്. ആദ്യ വിവാഹ ജീവിതത്തിൽ നിന്നും കിട്ടിയ ട്രോമ കാരണം വിവാഹം എന്നത് തനിക്ക് താൽപര്യമില്ലാത്ത ഒന്നായി മാറിയെന്നാണ് അമൃത അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം ഒരു പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നതായും അമൃത പറഞ്ഞിരുന്നു.
അമൃതയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളായതുകൊണ്ട് തന്നെ അഭിരാമിയും വിവാഹം എന്നതിലേക്ക് എത്താൻ മടിക്കുന്നുണ്ട്. ഡിവോഴ്‌സിലേക്ക് പോകുന്നതിനോട് ഒന്നും എനിക്ക് താല്പര്യം ഇല്ല. കല്യാണം കഴിക്കുകയാണെങ്കിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയതിന് ശേഷം മാത്രമായിരിക്കും. കാരണം എനിക്ക് ആ ബന്ധത്തിൽ എന്തെങ്കിലും പോരായ്‌മകൾ തോന്നിയാൽ ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തികം വേണം എന്നുമാണ് വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് സംസാരിച്ച് അടുത്തിടെ അഭിരാമി പറഞ്ഞത്.