കൊല്ലം: ഡോക്ടര്‍ വന്ദനാ ദാസ് വധക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിപറഞ്ഞത്. ശിക്ഷാവിധി മറ്റന്നാൾ പറയും. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രണ്ടര വർഷത്തിന് ശേഷമാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ വിധി പറയുന്നത്. അപൂർവ്വങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ് മാസത്തോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്‌ദ്ധര്‍, ചികിത്സിച്ച ഡോക്ടര്‍മാര്‍ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. പ്രതിക്ക് ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് വന്ദനയുടെ പിതാവ് കെ ജി മോഹന്‍ദാസ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ടെന്നും വന്ദനയുടെ പിതാവ് പറഞ്ഞു.
27ഓളം തവണയാണ് മോളെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചത്. പ്രാണരക്ഷാര്‍ഥം ചുറ്റിനും ഓടി നടന്ന് എല്ലാവരെയും സഹായത്തിന് വിളിച്ചിട്ടും ആരും സഹായിച്ചില്ലെന്നും മോഹൻ ദാസ് പറഞ്ഞു. കൊല്ലം അസീസിയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന ഡോ. വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കായി എത്തിച്ചപ്പോഴാണ്.
നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്. 2023 മേയ് 10ന് പുലര്‍ച്ചെയായിരുന്നു സംഭവം. നെഞ്ചത്തും തലയിലും വന്ദനക്ക് ആഴത്തില്‍ പരുക്കേറ്റിരുന്നു. തനിക്ക് മനോവിഭ്രാന്തിയുണ്ടെന്നായിരുന്നു പ്രതിയുടെ വാദം. സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രതിയുടെ മാനസികനില വിദഗ്‌ദ്ധസംഘം പരിശോധിച്ചതോടെ ആ വാദം പൊളിയുകയായിരുന്നു.
















