ആലപ്പുഴ:സി പി എം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച മുന്‍ മന്ത്രി ജി സുധാകരന് പിന്തുണ നല്‍കാനുളള തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു.പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ് പറഞ്ഞു.
ജി സുധാകരന് പിന്തുണ നല്‍കുന്ന കാര്യം നേതൃത്വം പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചില്ല. അവഗണിക്കുകയാണ് ചെയ്തത്. പ്രാദേശിക പ്രവര്‍ത്തകരെ വിശ്വാസത്തില്‍ എടുത്തില്ലെന്നും വലിയ അപമാനം നേരിട്ടുവെന്നും ജോബ് പറഞ്ഞു.ജി സുധാകരന് പിന്തുണ നല്‍കുമ്പോള്‍ കൂടിയാലോചന വേണമായിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേതൃത്വത്തിന് വിശ്വാസമില്ലാത്തത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നുതായും ജോബ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാന്യതയും മര്യാദയും കാണിക്കണം. അത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.
ജി സുധാകരനും സിപിഎമ്മും എത്രയോ പാവങ്ങളുടെ വീട് കേറി ആക്രമിച്ചിട്ടുണ്ട്. അമ്പലപ്പുഴയില്‍ ഒരുപാട് കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ അടി കൊണ്ട് വീണിട്ടുണ്ട്. സുധാകരന്‍ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ച് പാര്‍ട്ടി വിട്ട ആളാണ്.എത്ര മഹാന്‍ ആണെങ്കിലും പിന്തുണ വേണമെന്ന് പറയട്ടെ. പാര്‍ട്ടിക്ക് അപേക്ഷ നല്‍കണം. ദല്‍ഹിയില്‍ നിന്ന് വിമാനത്തിലാണ് പിന്തുണ കൊടുത്തുവിടുന്നത്. സുധാകരന് പിന്തുണ നല്‍കുന്നതിലൂടെ പാവപ്പെട്ട കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്നും ജോബ് പറഞ്ഞു.
ചെങ്കൊടി മാത്രം ഉണ്ടായിരുന്ന വീട്ടില്‍ നിന്ന് കെ എസ് യുവിന്റെ കൊടി ഉയര്‍ത്തി രാഷ്‌ട്രീയത്തില്‍ വന്നവനാണ് താന്‍. അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുപാട് ത്യാഗം അനുഭവിച്ചിട്ടുണ്ട്.
പാര്‍ട്ടി എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ ആലപ്പുഴയില്‍ ബീഹാര്‍ മോഡലിലേക്ക് തള്ളി വിടുന്നു. കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരെ സുധാകരന്‍ ഒന്നു പരിഗണിക്കാന്‍ പോലും തയാറായിട്ടില്ല. പ്രതിഷേധക്കാരെ തല്ലി ചതച്ചത് തെറ്റായി പോയെന്നു ജി സുധാകരന്‍ പറഞ്ഞിട്ടുണ്ടോയെന്നും ജോബ് ചോദിച്ചു. ജി. സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്യു ഗുണ്ടകള്‍ എന്നാണ് ആദ്യം പറഞ്ഞതെന്നും ഇപ്പോള്‍ നായര്‍ ഗുണ്ടകള്‍ ആണ് കൊന്നതെന്നാണ് സുധാകരന്‍ തന്നെ പറയുന്നുന്നതെന്നും ജോബ് പറഞ്ഞു.
















