തെരഞ്ഞെടുപ്പ് 2026 – സ്ഥാനാർത്ഥി: വെട്ടലും തിരുകലും
തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2072 വോട്ടിന് കഷ്ടിച്ച് കടന്നുകൂടിയ സിനിമാ നടൻ മുകേഷിന് സിപിഎം ഈ വട്ടം കൊല്ലത്ത് സീറ്റുകൊടുത്തില്ല. മുകേഷിനെതിരേ ഉയർന്ന സ്ത്രീ വിഷയമുൾപ്പെടെയുള്ള കേസുകൾ കാരണമാണ്. രണ്ടുവട്ടം തലശ്ശേരിയിൽനിന്ന് വിജയിച്ച, ഈ സർക്കാർ കാലത്ത് സ്പീക്കർ ആയിരുന്ന എ.എൻ. ഷംസീറിനും സീറ്റില്ല. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ തലശ്ശേി റയിൽവേ സ്‌റ്റേഷൻ നാടകത്തിന്റെ സൂത്രധാരനായി അവാസന വട്ടവും പാർട്ടിയുടെ പ്രീതി നേടാൻ ശ്രമിച്ച ഷംസീറിനെ തഴഞ്ഞ്, കരായി രാജനെയാണ് തലശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കുന്നത്. തലശ്ശേരിയിലെ കുപ്രസിദ്ധമായ ഫസൽ വധക്കേസിൽ പ്രതിയായിരുന്ന കാരായി രാജനെ സ്ഥാനാർത്ഥിയാക്കുകവഴി സിപിഎം നൽകുന്ന സന്ദേശം അപകടം പിടിച്ചതാണ്.

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ, കുടുംബാധിപത്യ ഭരണത്തിനൊക്കെ എതിരേ മുദ്രാവാക്യം വിളിച്ചിരുന്ന സിപിഎം, പാർട്ടി സെക്രട്ടറി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.
ഇടുക്കിയിൽ ഉടുമ്പൻചോലയിൽ സിപിഎമ്മിൽനിന്ന് എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്ന സാഹചര്യത്തിൽ വീണ്ടും എം.എം. മണിയെ സ്ഥാനാർത്ഥിയാക്കുന്നുവെന്നായിരുന്നു പറച്ചിൽ. മണി അതിന് മാനസികമായി തയാറായി പ്രചാരണ പരിപാടികൾക്കായി പാർട്ടി വേദികളിൽ കയറുകയും ചെയ്തിരുന്നു. എന്നാൽ മണിക്ക് പകരം മുമ്പ് സിപിഎമ്മിന്റെ എംഎൽഎ ആയിരുന്ന കെ.കെ. ജയചന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്.

പൊന്നാനി സീറ്റിൽ സിറ്റിങ് എംഎൽഎ: പി. നന്ദകുമാറിനെ ഒഴിവാക്കി. പകരം എ.കെ. സക്കീറിനെ സ്ഥാനാർത്ഥിയാക്കി. ആലത്തൂരിൽനിന്ന് കെ.ഡി. സതീശനു പകരം ടി.എം. ശശിയെയാണ് മത്സരിപ്പിക്കുന്നത്.
ഇത്തവണ മത്സരിക്കാനില്ല എന്ന് പാർട്ടിക്ക് കത്തുകൊടുക്കുമെന്ന് പ്രഖ്യാപിച്ച കെ.ടി. ജലീലിനെ ഇത്തവണയും തവനൂരിൽനിന്ന് മത്സരിപ്പിക്കുന്നുണ്ട്.
പാലക്കാട്ട് സിപിഎമ്മിന് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായിട്ടില്ല. എന്നാൽ കെ.കെ. ശൈലജ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മട്ടന്നൂരിൽ സീറ്റ് നൽകിയില്ല. പേരാവൂരിൽ മത്സരിക്കുന്നെങ്കിൽ ആയിക്കോളൂ, അല്ലെങ്കിൽ മാറിനിൽക്കൂ എന്ന പാർട്ടി നിലപാടിന് അവർ വഴങ്ങുകയായിരുന്നു. മട്ടന്നൂരിൽ വി.കെ. സനോജിന് സീറ്റുകൊടുത്തു. ശൈലജ മത്സരിക്കുന്നത് കെപിസിസി അദ്ധ്യക്ഷൻ സണ്ണിജോസഫിനോടാണ്.














