തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്‌ലാറ്റിനുമായി നടത്തിയ ആസൂത്രിത്ര കെണിയാണ് പരാതിയെന്ന് ഡോക്ടറുടെ ഭാര്യ രേഖ പറഞ്ഞു.
500 രൂപ ഗൂഗിള്‍ പേയില്‍ അയച്ചു കൊടുത്തു തുടങ്ങിയ പരിചയമാണ്. കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞ് കൂടുതല്‍ അടുത്തതാണ്. ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പണം വാങ്ങി. ഒടുവില്‍ ഭീഷണിയായി മാറിയെന്നും ഡോക്ടറുടെ ഭാര്യ പറഞ്ഞു. ഫ്‌ലാറ്റ് വേണമെന്ന ആവശ്യം നിരസിച്ചപ്പോള്‍ ലൈംഗിക പീഡന പരാതിയായി.
നെയ്യാറ്റിന്‍കര സ്വദേശിനി യുവതിയുടെ ശല്യം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വനിത കമ്മീഷനില്‍ പരാതി നല്‍കി. ഇരു കക്ഷികളെയും കൗണ്‍സിലിംഗിന് വിളിച്ച് പ്രശ്‌നം പരിഹരിച്ചു വിട്ടതാണ്. എന്നിട്ടും പീഡന പരാതി ഉന്നയിക്കുന്നത് കുടുംബം പുതുതായി വാങ്ങുന്ന ഫ്‌ലാറ്റ് കിട്ടാന്‍ വേണ്ടിയാണ്.പരാതിയെ നിയമപരായി നേരിടുമെന്നും ഡോ.സുനില്‍കുമാറിന്റെ ഭാര്യ രേഖ പറയുന്നു.
2023 സെപ്തംബറില്‍ പരിചയപ്പെട്ട ശേഷം പലയിടങ്ങളിലെത്തിച്ച് വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. രണ്ടാം ഭാര്യയായി സ്വകീരിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.യുവതിക്ക് എതിരെ ഡോ സുനില്‍കുമാറും പരാതി നല്‍കി. ഇരു കക്ഷികളുടെയും പരാതിയില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും പൊലീസിന്റെ തുടര്‍നടപടികള്‍. നിലവില്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ യുണിറ്റ് ചീഫായ ഡോ.സുനില്‍കുമാര്‍ അവധിയിലാണ്.
















