ആലപ്പുഴ: ഉത്തമ കമ്മ്യൂണിസ്റ്റെന്നും മാതൃകാ പൊതുപ്രവര്‍ത്തകനെന്നും പൊതുസമൂഹത്തില്‍ പ്രതിച്ഛായയുള്ള ജി. സുധാകരനും ഒടുവില്‍ ഗതികെട്ട് സിപിഎം വിട്ടു. പാര്‍ട്ടിയില്‍ പിടിമുറുക്കിയ പിണറായിസത്തിനും, പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കുമെതിരെ പൊരുതിയാണ് സുധാകരന്‍ പടിയിറങ്ങിയത്. അഴിമതിക്കെതിരായ പോരാട്ടത്തിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
തെരഞ്ഞടുപ്പില്‍ അമ്പലപ്പുഴയിലും, ആലപ്പുഴ ജില്ലയിലും മാത്രമല്ല സംസ്ഥാനതലത്തില്‍ വരെ ഇതിന്റ ആഘാതം സിപിഎം നേരിടേണ്ടി വരും. പൊതുസമൂഹത്തില്‍ ഇത്രയും സ്വാധീനം ചെലുത്തിയ ജനപ്രതിനിധിയും നേതാവും നിലവില്‍ സിപിഎമ്മിന് ഇല്ല. കണ്ണൂര്‍ ലോബി നയിക്കുന്ന സിപിഎമ്മില്‍ തെക്കന്‍ കേരളത്തിലെ പാരമ്പര്യമുള്ള നേതാക്കളെ ഓരോന്നായി വെട്ടിനിരത്തുകയാണെന്ന ആക്ഷേപം ശരിവെക്കുന്നതാണ് സുധാകരന്റെ അനുഭവം. വി. എസ്. അച്യൂതാനന്ദന് മാത്രമാണ് ഈ പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാനായത്.
പാര്‍ട്ടിയിലെ സര്‍വശക്തനായ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്ഥനായി നിന്ന് മറുപക്ഷത്തെ നേതാക്കളെ ഒരുകാലത്ത് വെട്ടിനിരത്തിയ നേതാവായിരുന്നു സുധാകരന്‍. ആലപ്പുഴ ജില്ലയിലടക്കം പിണറായിയുടെ അനിഷ്ടത്തിന് ഇരയായ നേതാക്കളെ ഒതുക്കുന്നതിന് ചാവേറായി മുന്നില്‍ നിന്നതും സുധാകരനായിരുന്നു. മുതിര്‍ന്ന നേതാക്കളെ ഒതുക്കി സജി ചെറിയാന്‍, ആര്‍. നാസര്‍, എച്ച്. സലാം തുടങ്ങിയവരെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയതും സുധാകരനായിരുന്നു. ഇന്ന് സുധാകരനെ ഒതുക്കാന്‍ മുന്നില്‍ നിന്നതും ഇവര്‍ തന്നെയായിരുന്നു എന്നതും വിരോധാഭാസം, വിഎസ്, കെ. ആര്‍. ഗൗരിയമ്മ തുടങ്ങി സുധാകരന്റെ വാക്ശരങ്ങള്‍ എല്‍ക്കാത്ത നേതാക്കള്‍ കുറവാണ്.
മന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും സുധാകരന്റെ ജനപിന്തുണ വ്യക്തമായി നേതൃത്വത്തിന് ബോധ്യമുള്ളതിനാലാണ് വാര്‍ത്താസമ്മേളനത്തിന്റെ തലേന്ന് രാത്രി വൈകിയും സുധാകരന്റെ വീട്ടിലെത്തിയും ഫോണിലൂടെയും പ്രമുഖ നേതാക്കള്‍ അനുനയത്തിന് ശ്രമിച്ചത്. എന്നാല്‍ സുധാകരന്‍ വഴങ്ങിയില്ല. അത്രമാത്രം അപമാനം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അദ്ദേഹം നേരിട്ടിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി തുടങ്ങിയ പല നിരകളിലെ നേതാക്കള്‍ അനുനയശ്രമം നടത്തിയെങ്കിലും പിണറായി വിജയന്‍ തിരിഞ്ഞു നോക്കാതിരുന്നതും സുധാകരന് തിരിച്ചടിയായി.
ഏഴുതവണ നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം നാലുതവണ ജയിച്ചു. അതില്‍ രണ്ടുതവണ മന്ത്രിയായി. ആലപ്പുഴ നഗരസഭാ പ്രതിപക്ഷനേതാവായും പ്രഥമ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1970ല്‍ എസ്എഫ്ഐ രൂപവത്കരിക്കുമ്പോള്‍ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. 43 വര്‍ഷം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രമായാണ് പിന്നീട് അദ്ദേഹത്തെ ഒതുക്കിയത്. പാര്‍ട്ടിയുടെ പരിപാടികളിലും സമ്മേളനങ്ങളിലും സുധാകരനെ അടുപ്പിച്ചില്ല. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ലഭിച്ച പാര്‍ട്ടി അംഗത്വമാണ് 63 വര്‍ഷത്തിന് ശേഷം സുധാകരന്‍ ഉപേക്ഷിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാം സിപിഎമ്മില്‍ പിടിമുറുക്കുമ്പോള്‍ സുധാകരനെ പോലുള്ള സംശുദ്ധ പ്രതിച്ഛായയുള്ള നേതാക്കള്‍ പുറന്തള്ളപ്പെടുകയാണ്. ജി. സുധാകരന്‍, കെ. കെ. ശൈലജ, തോമസ് ഐസക്ക്, ജയരാജന്‍മാര്‍ തുടങ്ങിയവര്‍ ഒതുക്കപ്പെട്ടപ്പോള്‍ മുഹമ്മദ് റിയാസിനെ പോലുള്ളവര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രി പദവികളിലും അതിവേഗം അവരോധിക്കപ്പെട്ടതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ കരുത്ത് കാട്ടി, പുറത്തുപോകുന്ന നേതാക്കളെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പതിവ് നീക്കം സുധാകരനെതിരെയും സിപിഎം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സുധാകരന് മുന്നില്‍ ഇത് വിലപ്പോവുമോ എന്ന് കണ്ടറിയണം.















