തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനത്തട്ടിപ്പുമായി സംസ്ഥാനസര്‍ക്കാര്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു. കായികഭവന് വേണ്ടി വാന്റോസ് ജംഗ്ഷനിലെ 30 സെന്റ് ഭൂമിയില്‍ ഏട്ടരക്കോടി രൂപ മുടക്കി 46,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴ് നില സമുച്ചയം നിര്‍മിക്കാനാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎല്‍സിസിഎസ്) കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് യുഎല്‍സിസിഎസിന് കരാര്‍ നല്‍കിയത്.
ഏഴ് നിലകളില്‍ മൂന്ന് നിലകളുടെ മാത്രമാണ് സ്ട്രക്ചര്‍ പോലും പൂര്‍ത്തിയായത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. ശുചിമുറികളോ വയറിങ് ജോലികളോ പൂര്‍ത്തിയായിട്ടില്ല. താഴത്തെ നിലയിലെയും ഒന്നാം നിലയിലെയും ബീമുകളും ചുമരുകളും സിമന്റ് തേച്ച് വെള്ളയിടിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ ഒരുപണിയും ചെയ്തിട്ടില്ല. അവിടെ പണിസാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. തറയൊന്നും ചെയ്തിട്ടില്ല. പടിക്കെട്ടുകളില്‍ മാത്രമാണ് ടൈല്‍സ് ഒട്ടിച്ചിരിക്കുന്നത്. എന്നാല്‍ പടിക്കെട്ടുകള്‍ക്ക് കൈവരി പോലും സ്ഥാപിച്ചിട്ടില്ല. കെട്ടിടത്തിന്റെ മുന്‍വശത്തും തറയോട് പാകിയിട്ടില്ല. രണ്ടാം നിലയിലേക്ക് ആരും പ്രവേശിക്കാതിരിക്കാന്‍ കാറ്റാടിക്കഴകള്‍ ഉപയോഗിച്ച് ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ മുന്‍ഭാഗം കണ്ണാടി പിടിപ്പിച്ച് മോടി വരുത്തിയിട്ടുണ്ട്. എന്നാല്‍ വശങ്ങളിലും പിന്‍ഭാഗത്തും സിമന്റ് പോലും പൂശാതെയിട്ടിരിക്കുകയാണ്. ഉദ്ഘാടന തലേന്ന് രാത്രിയിലാണ് കായിക ഭവന്‍ എന്ന ബോര്‍ഡ് പോലും സ്ഥാപിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞത് കായിക ഭവന്റെ മൂന്നു നില കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചെന്നാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കായികഭവന്റെ ഉദ്ഘാടനം നടത്തിയതിനെതിരെ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. കായിക കേരളത്തിന്റെ അതേ അവസ്ഥയാണ് കായികഭവനുമെന്നാണ് കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ പ്രതികരിച്ചത്. കായികതാരങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സൗകര്യം നല്‍കാത്തതിനെ അസോസിയേഷന്‍ വിമര്‍ശിച്ചതിനാലാണ് കായികഭവനില്‍ തങ്ങള്‍ക്ക് സ്ഥലം അനുവദിക്കാത്തതെന്നും സുനില്‍കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും ഉള്‍പ്പെടെ, കേരള കായിക രംഗത്തെ സംയോജിത ഭരണകേന്ദ്രം ഒരുക്കുന്നതിനാണ് കായികഭവന്‍ നിര്‍മിക്കുന്നത്.
















