പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പങ്ക് വ്യക്തമാക്കി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്. അന്യസംസ്ഥാന സ്‌പോണ്‍സര്‍മാരെ 2017-19 കാലത്തെ ദേവസ്വം ബോര്‍ഡിന് പരിചയപ്പെടുത്തിയത് മന്ത്രി കടകംപള്ളിയായിരുന്നു എന്നാണ് പോറ്റി എസ്‌ഐടിയോട് വെളിപ്പെടുത്തിയത്. കടകംപള്ളിയുമായി തങ്ങള്‍ക്ക് പരിചയമുണ്ടെന്നും പോറ്റി വഴിയാണ് പരിചയപ്പെട്ടതെന്നും രമേശ് റാവുവും ഗോവര്‍ദ്ധനും എസ്‌ഐടിയോടു വ്യക്തമാക്കിയിട്ടുണ്ട്. ഭക്തര്‍ എന്ന നിലയില്‍ ശബരിമല വികസന കാര്യങ്ങളില്‍ സ്‌പോണ്‍സര്‍മാരായ രമേശ് റാവു അടക്കമുള്ള അന്യ സംസ്ഥാന ഭക്തര്‍ക്ക് അവസരം നല്‍കാന്‍ താന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയിരുന്നതായി കടകംപള്ളിയും എസ്‌ഐടിയോട് സമ്മതിച്ചെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു കുരുക്കാകുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സ്വര്‍ണക്കൊള്ളയുടെ പൂര്‍ണ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും മേല്‍ചാരാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിനേറ്റ കടുത്ത തിരിച്ചടിയാണിത്.
എങ്ങനെയാണ് ഇതരസംസ്ഥാന സ്‌പോണ്‍സര്‍മാര്‍ ശബരിമലയില്‍ ആധിപത്യം ഉറപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പ് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നിട്ടും കടകംപള്ളിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദത്തിലാണ് ശ്രീകോവില്‍ പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിവശം ചെന്നൈയ്‌ക്ക് കൊടുത്തു വിട്ടതെന്ന് പ്രധാന പ്രതികളില്‍ ഒരാളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ മാസങ്ങള്‍ക്ക് മുമ്പേ വ്യക്തമാക്കിയിരുന്നു. പാളികളില്‍ സ്വര്‍ണം പൂശാന്‍ തന്നെ സ്‌പോണ്‍സറാക്കണമെന്നു കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നതായും പത്മകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ശരിവയ്‌ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഒന്നും സംഭവിക്കില്ലെന്ന ഉറപ്പ് കടകംപള്ളിയില്‍ നിന്നു പോറ്റിക്ക് ലഭിച്ചിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ എസ്‌ഐടി അന്വേഷണം തുടങ്ങിയപ്പോഴും കടകംപളളി രക്ഷകനായി എത്തുമെന്ന് പോറ്റി പ്രതീക്ഷിച്ചു. എന്നാല്‍ അറസ്റ്റും ജയില്‍ വാസസവും നീണ്ടതോടെ താന്‍ പെട്ടു എന്ന യാഥാര്‍ത്ഥ്യം പോറ്റി തിരിച്ചറിഞ്ഞു. തന്നെ മാത്രം പ്രതിയാക്കി കടകംപള്ളി തടിയൂരിയതോടെയാണ് നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോറ്റി തയാറായത്. ഭൂമി തട്ടിപ്പ് കേസില്‍ തന്നെ പെടുത്താന്‍ കടകംപള്ളി ഗൂഢാലോചന നടത്തി എന്ന് പോറ്റി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയതും ഇതിന്റെ ഭാഗമായാണ്.
















