ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ റോഷി അഗസ്റ്റിന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി . എല്‍ ഡി എഫിലെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് ഇടുക്കിയില്‍ നടന്നത്.
റോഷി അഗസ്റ്റിന്‍ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു ജോസ് കെ മാണി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.ഇടുക്കിയില്‍ റോഷിയുടെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച തീരുമാനമാണെങ്കിലും മുന്നണിയിലെ ഔദ്യോഗിക ചര്‍ച്ചകള്‍ അവസാനിക്കും മുന്നേയുള്ള ജോസ് കെ മാണിയുടെ പരസ്യ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്ലാ എം എല്‍ എമാരും ഇത്തവണയും നിലവിലെ മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. കാല്‍നൂറ്റാണ്ടായി ഇടുക്കി എം എല്‍ എയാണ് റോഷി അഗസ്റ്റിന്‍.
















