തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കുട്ടികളുടെ മന:ശാസ്ത്രത്തില്‍ മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കി ബോധവല്‍ക്കരിക്കണമെന്നും കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍ പി, മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് താമരശ്ശേരിയിലെ എം.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചത് സംബന്ധിച്ച മാധ്യമവാര്‍ത്തയെതുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ കൗമാരക്കാരുടെ സംഘര്‍ഷ പ്രശ്നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്‌കൂളുകളില്‍ അദ്ധ്യാപകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക പദ്ധതികള്‍ നടപ്പിലാക്കണം. രക്ഷാകര്‍ത്താക്കള്‍ക്കായി സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വേണം. കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ 2026-27 അധ്യയനവര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, ഡയറക്ടറും പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതാണെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
















