തൃശൂര്‍: ടി. എന്‍. പ്രതാപന്‍ യൂദാസ്. തൃശൂരില്‍ പോസ്റ്റര്‍ പ്രതിഷേധവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇന്നലെയാണ് നഗരത്തില്‍ ടി.എന്‍. പ്രതാപനെതിരെ രൂക്ഷവിമര്‍ശനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ എക്കാലത്തേയും ലീഡര്‍ കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും അദ്ദേഹത്തിന് മാപ്പില്ലെന്നും പോസ്റ്ററുകള്‍ പറയുന്നു. തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് പോസ്റ്ററുകളിലുള്ളത്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററില്‍ പറയുന്നു.
ടി.എന്‍. പ്രതാപനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വരുന്നത് ജില്ലയിലെ രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. പ്രതാപനും എം.പി.വിന്‍സെന്റും ചേര്‍ന്നാണ് തന്നെ പരാജയപ്പെടുത്തിയതെന്ന് പത്മജ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ വലിയ തുക തന്റെ കൈയ്യില്‍ നിന്ന് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തെന്നും പത്മജ പറഞ്ഞു.
കെ.മുരളീധരനും ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയില്‍ പ്രതാപനെതിരെ സമാന ആരോപണം ഉന്നയിച്ചു. പ്രതാപനെ മാറ്റിയാണ് തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. തുടര്‍ന്ന് പ്രതാപന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതെ ഒഴിഞ്ഞുമാറി. ഇത്തവണ മണലൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുകയാണ് ടി.എന്‍.പ്രതാപന്.
















