കഴക്കൂട്ടം: റോഡിലെ വെള്ളക്കെട്ടു പരിഹരിക്കുന്നതിനായി എടുത്ത മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും കൗണ്‍സിലറുടെ ഒത്താശയോടുകൂടി ഒഴുക്കുന്നതായി ആരോപണം. തിരുവനന്തപുരം നഗരസഭ പരിധിയില്‍ വരുന്ന കഴക്കൂട്ടം വാര്‍ഡിലെ കഴക്കൂട്ടം ജംഗ്ഷനു സമീപമാണ് സംഭവം.
കഴക്കൂട്ടം അമ്മന്‍ കോവില്‍ നടയില്‍ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങളായി റോഡില്‍ മൂന്നു കുഴികള്‍ കുഴിക്കുകയും 10 ഉറകള്‍ ഇറക്കി അതില്‍ സ്വകാര്യ ആശുപത്രിയുടെ പൈപ്പ് സ്ഥാപിക്കുകയും ചെയ്തു. മഴപെയ്താല്‍ ഇരചക്രവാഹനങ്ങള്‍ക്കു പോലും പോകാന്‍ കഴിയാതെ അമിതമായി റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനു പരിഹാരം കാണാന്‍ എന്ന വ്യാജേന ജനങ്ങളെ കബളിപ്പിച്ച് സ്വകാര്യ ആശുപത്രിയെ സഹായിക്കുകയാണ് കൗണ്‍സിലറുടെ നടപടി എന്നാണ് നാട്ടുകാരുടെ ആരോപണം.
ഒരേക്കര്‍ സ്ഥലം ഉള്ള ആശുപത്രിയുടെ മഴവെള്ളവും മറ്റു വെള്ളവും ഈ കുഴിയില്‍ ഇറങ്ങുമ്പോള്‍ മഴ സമയത്ത് പെട്ടെന്ന് തന്നെ ഇത് നിറയുകയും റോഡും പരിസരത്തെ അമ്മന്‍ കോവില്‍ ക്ഷേത്രനടയും വെള്ളത്തില്‍ മുങ്ങുകയും ചെയ്യും. തുടര്‍ന്ന് ഈ വെള്ളം ഒഴുകി അടുത്തുള്ള ഗ്രാമത്തിലേക്ക് ഇറങ്ങുകയും അവിടെയുള്ളവരുടെ കുടിവെള്ളത്തില്‍ ഇത് കലരുകയും ചെയ്യും. കാലങ്ങളായി കുടിവെള്ളം മലിനപ്പെടുന്നു എന്ന ഗ്രാമവാസികളുടെ ആശങ്ക ഇതോടെ വര്‍ദ്ധിക്കുകയാണ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കഴക്കൂട്ടം നിവാസികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ഇതിനുവേണ്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നു പണം കഴക്കൂട്ടം വാര്‍ഡ് കൗണ്‍സിലര്‍ കൈപ്പറ്റി എന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അധികാരികള്‍ ഈ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട് സ്വകാര്യ സ്ഥാപനത്തിന്റെ പൈപ്പ് മഴക്കുഴിയില്‍ നിന്നു മാറ്റണമെന്നു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കഴക്കൂട്ടം അനില്‍ ആവശ്യപ്പെട്ടു.
















