വെഞ്ഞാറമൂട്: കഥകളും കവിതകളും വരകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് അവള്‍ യാത്രയായി.. നാടിനെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തി. രോഗശയ്യയിലും എഴുത്തും വരയുമായി കരുത്തുറ്റ പോരാട്ടം നയിച്ച മഞ്ജലിക എന്ന പത്താം ക്ലാസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്.
കടുത്ത ശ്വാസകോശരോഗത്തോടു പൊരുതി അതിജീവനത്തിന്റെ വലിയ മാതൃക തീര്‍ത്ത മഞ്ജലിക (15) ഇന്നലെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അന്തരിച്ചത്. പിരപ്പന്‍കോട് പ്ലാക്കീഴ് കുന്നുംപുറത്ത് വീട്ടില്‍ രാജേഷിന്റെയും മഞ്ജുവിന്റെയും ഏക മകളായ മഞ്ജലിക പോത്തന്‍കോട് ശാന്തിഗിരി വിദ്യാഭവന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.
രണ്ടു മാസം മുമ്പ് ബാധിച്ച സാധാരണ ജലദോഷമാണ് മഞ്ജലികയുടെ ജീവിതം മാറ്റിമറിച്ചത്. അസുഖം പെട്ടെന്ന് കടുത്ത ന്യുമോണിയയായി മാറുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെട്ടു കഴിയുമ്പോഴും തളരാത്ത മനസ്സുമായി മഞ്ജലിക നടത്തിയ പോരാട്ടം ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. താന്‍ കിടക്കുന്ന വാര്‍ഡിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി മനോഹരമായ ചിത്രങ്ങള്‍ വരച്ചുനല്‍കിയും കഥകളും കവിതകളും രചിച്ചും അവള്‍ തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എട്ടു കഥകളും രണ്ട് കവിതകളുമാണ് ആശുപത്രിയിലെ ദുരിതപൂര്‍ണ്ണമായ ദിനങ്ങളില്‍ മഞ്ജലിക എഴുതിത്തീര്‍ത്തത്.
സഹപാഠികള്‍ പത്താംക്ലാസ് പരീക്ഷയ്‌ക്കായി തയ്യാറെടുക്കുന്ന വേളയില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ തിരിച്ചുവരവിനായി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. ശ്വാസകോശം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ വലിയ തുക സ്വരൂപിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെയും രാഷ്‌ട്രീയസാമൂഹിക സംഘടനകളിലൂടെയും വലിയൊരു ജനവിഭാഗം കൈകോര്‍ത്തു. പാട്ടും നൃത്തവും എഴുത്തുമായി വിദ്യാലയത്തിലും നാട്ടിലും സജീവമായിരുന്ന മഞ്ജലികയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.
മകള്‍ ബാക്കിവച്ചുപോയ അപൂര്‍ണ്ണമായ ചിത്രങ്ങള്‍ക്കും കവിതകള്‍ക്കും മുന്നില്‍ വിതുമ്പുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. മഞ്ജലികയുടെ വേര്‍പാടോടെ അതിജീവനത്തിന്റെ പ്രതീകമായിരുന്ന ഒരു കൊച്ചു കലാകാരിയെയാണ് കേരളത്തിന് നഷ്ടമായത്.
















