തിരുവനന്തപുരം: സാംസ്‌ക്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ ദേശീയ നാട്യ പുരസ്‌ക്കാരത്തിന് ഭരതനാട്യം നര്‍ത്തകദമ്പതിമാരായ വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും അര്‍ഹരായി. മൂന്ന് ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
ഇന്ത്യന്‍ ക്ലാസ്സിക്കല്‍-സര്‍ഗ്ഗാത്മക നൃത്തകലകളുടെ വികാസം, പ്രചാരം, പരിശീലനം, ആവിഷ്‌ക്കരണം എന്നീ മേഖലകളില്‍ മൗലികമായ സമഗ്ര സംഭാവന നല്‍കിയ നൃത്ത പ്രതിഭകളെ ആദരിക്കാനാണ് ദേശീയ നാട്യ പുരസ്‌ക്കാരം പ്രധാനമായും നല്‍കുന്നത്.
കഥക് നര്‍ത്തകി നളിനി ആസ്ഥാന ചെയര്‍പേഴ്‌സണായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സാംസ്‌കാരിക വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരന്‍, മോഹിനിയാട്ടം നര്‍ത്തകി അശ്വതി നായര്‍ എന്നിവരാണ് പുരസ്‌കാര നിര്‍ണ്ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.











