സിഡ്നി: വടക്കൻ ഓസ്‌ട്രേലിയയിലെ കാതറിൻ മേഖലയിൽ കഴിഞ്ഞ 28 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രളയം തുടരുന്നു. 1998-ന് ശേഷമുള്ള ഈ വലിയ പ്രകൃതിക്ഷോഭത്തിൽ ജനങ്ങൾ പലായനം ചെയ്തതോടെ, ആളൊഴിഞ്ഞ വീടുകളും തെരുവുകളും മുതലകൾ കൈയടക്കിയിരിക്കുകയാണ്. പ്രളയജലത്തിലൂടെ മുതലകൾ വ്യാപകമായി സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
വടക്കൻ ഓസ്‌ട്രേലിയയിൽ ഉപ്പുവെള്ളം താവളമാക്കിയ ഏകദേശം ഒരു ലക്ഷത്തിലധികം മുതലകളുണ്ട്. 20 അടിയോളം നീളം വയ്‌ക്കുന്നതാണ് ഈ മുതലകൾ. ഒറ്റക്കടിയിൽ മനുഷ്യന്റെ തലയോട്ടി തകർക്കാൻ ശക്തിയുള്ളവയാണ് ഈ മുതലകൾ. മിക്ക മുതലകളും ഒരു ടണ്ണോളം ഭാരം വരുമെന്നും പൊലീസ് വിശദമാക്കുന്നത്. വേഗത്തിൽ ഒഴുകുന്ന വെള്ളമായതിനാലും മുതലകൾ ഏറ്റവും സജീവമായ സമയമായതിനാലും വെള്ളത്തിലിറങ്ങുന്നത് അതീവ അപകടകരമാണ്.
മേഖലയിലെ സ്കൂളുകൾക്ക് മുതലകളുടെ ശല്യത്തെ തുടർന്ന് അവധി നൽകേണ്ട സ്ഥിതിയും വന്നിട്ടുണ്ട്. മേഖലയിലെ 90ലേറെ വീടുകളിൽ വൈദ്യുതി ബന്ധം നിലച്ച അവസ്ഥയാണ്. ഇതിനാൽ തന്നെ മേഖലയിലുള്ളവർ സുരക്ഷിത മേഖലകളിലേക്ക് നീന്തിയെത്താൻ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടറുകൾ അടക്കമാണ് മേഖലയിൽ സജീവമായിട്ടുള്ളത്.പ്രളയജലത്തിൽ മുതലകളെ കൂടാതെ ബുൾ സ്രാവുകളേയും കണ്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
















