തിരുവനന്തപുരം: വിമർശനങ്ങളിൽ തളരാതെ, കരുത്തായി കൂടെ നിന്ന പൊണ്ടാട്ടിക്ക്; ചാരുവിന് നന്ദി പറഞ്ഞ് സഞ്ജു
“ഈ നിമിഷത്തിനായി ഞാൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ അതേ തീവ്രതയോടും വാശിയോടും കൂടി നീയും ആഗ്രഹിച്ചിരുന്നു,” ടി-20 ലോകകപ്പിലെ വിജയത്തിനു പിന്നാലെ ചാരുവിന് നന്ദി പറഞ്ഞ് സഞ്ജു
“ഈ നിമിഷത്തിനായി ഞാൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ അതേ തീവ്രതയോടും വാശിയോടും കൂടി നീയും ആഗ്രഹിച്ചിരുന്നു,” ടി-20 ലോകകപ്പിലെ വിജയത്തിനു പിന്നാലെ ചാരുവിന് നന്ദി പറഞ്ഞ് സഞ്ജു
ഇന്ത്യൻ ക്രിക്കറ്റിൽ ഉയർച്ച താഴ്ചകളുടെ വേലിയേറ്റങ്ങൾക്കിടയിലും പതറാതെ പിടിച്ചുനിന്ന സഞ്ജു സാംസൺ ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. അഹമ്മദാബാദിൽ നടന്ന ടി20 ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യ മുത്തമിടുമ്പോൾ, അതിൽ സഞ്ജുവിന്റെ പോരാട്ടവീര്യം നിർണ്ണായകമായിരുന്നു. ലോകകപ്പ് കിരീടത്തിനൊപ്പം ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കി സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് തെളിയിച്ചു.
ഈ ചരിത്രവിജയത്തിന് പിന്നാലെ സഞ്ജു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വാക്കുകൾ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. തന്റെ വിജയയാത്രയിൽ നിഴലായി കൂടെനിന്ന പ്രിയതമ ചാരുലതയ്‌ക്ക് സമർപ്പിച്ച ആ വാക്കുകൾ ഇങ്ങനെ: “നിന്നെ കണ്ടുമുട്ടിയ ആ ദിവസം മുതൽ, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ…!!
എന്റെ കൂടെ നിന്നതിനും, ഞാൻ ആരാണോ അങ്ങനെ തന്നെ എന്നെ സ്നേഹിച്ചതിനും, പുറംലോകത്തിന് ഞാൻ ആരുമായിക്കൊള്ളട്ടെ, എന്നോട് എന്നും സത്യസന്ധതയും വിശ്വസ്തതയും പുലർത്തിയതിനും നിനക്ക് ഒരായിരം നന്ദി.. എന്റെ ഏറ്റവും നല്ല വശവും മോശം വശവും നീ കണ്ടിട്ടുണ്ട്, എന്നിട്ടും നീ എനിക്ക് കരുത്തായി കൂടെത്തന്നെ നിന്നു.
ക്രിക്കറ്റ് എന്റെ ജീവിതത്തിൽ എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കിയതിനും, അത് നിനക്കും അങ്ങനെ തന്നെയാക്കി മാറ്റിയതിനും നന്ദി..
ഈ നിമിഷത്തിനായി ഞാൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ അതേ തീവ്രതയോടും വാശിയോടും കൂടി നീയും ആഗ്രഹിച്ചിരുന്നു..
എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക്… ഒരുപാട് ഒരുപാട് നന്ദി!” എന്നാണ് സഞ്ജു കുറിച്ചത്.
















