കെ പി ശശിധരന്‍/ എം ശ്രീഹര്‍ഷന്‍
എഴുത്ത് അനുവാചകനിലേക്ക് അപരിചിതനായ ഒരു വിരുന്നുകാരനെപ്പോലെ കയറിച്ചെല്ലുകയല്ല വേണ്ടത്. ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ പോലെ സ്വാതന്ത്ര്യപൂ
ര്‍വം അയാളുടെ മനസ്സിലേക്ക് പ്രവേശിക്കാന്‍ അതിനു കഴിയണം. രചനയ്‌ക്ക് ഉപയോഗിക്കുന്ന ഭാഷയുടെ സവിശേഷതകൊണ്ടേ അതിന് സാധ്യമാവൂ. തന്റേതായ ഒരു മികച്ച ഭാഷാശൈലി ഉണ്ടാക്കിയെടുക്കാന്‍ എഴുത്തുകാരന്‍ ശ്രമിക്കണം. രചനാശൈലി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ശശിമാഷ് പറയുന്നത് നോക്കുക:
”സാധകം, അനുശീലനം എന്നിവ ജന്മസിദ്ധമായ പ്രതിഭയ്‌ക്ക് പകരം നില്‍ക്കില്ല. ഉള്ളതിനെ വിളക്കാനുള്ള കേവലമായ അഭ്യാസം മത്രമാണത്. ഒരുകാര്യം ചുരുക്കിപ്പറയാം. ആധുനികതയുടെ പ്രതിയോഗിയല്ല പഴമ. എലിയറ്റ് പറഞ്ഞതുപോലെ പാരമ്പര്യം ശക്തിയാകുമ്പോള്‍ കവിത തിളങ്ങും. കക്കാടിന്റെ ഒരു പദ്യശകലം ഒരിക്കല്‍ ക്ലാസില്‍ പഠിപ്പിച്ചത് ഓര്‍മ്മവരുന്നു. ”എത്ര ചവര്‍പ്പ് കുടിച്ചുവറ്റിച്ചു നാം/ ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍” എന്നതായിരുന്നു അത്. കഷായത്തിന്റെ രുചിയാണ് ചവര്‍പ്പ്. എന്റെ വിദ്യാര്‍ഥികള്‍ ക്യാപ്‌സൂള്‍ അല്ലാതെ കഷായം കുടിച്ചിവരായിരുന്നില്ല. കഷായം കുടിക്കാത്ത കുട്ടികളുടെ വായ ബലമായി താക്കോല്‍കൊണ്ട് തുറന്നുപിടിച്ച് അതിലൂടെ കൊഴുത്ത മരുന്ന് ഒഴിച്ചുകൊടുക്കുന്ന ദൃശ്യം എന്റെ തലമുറയുടെ മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്നു. സഹനത്തിന് സാന്ത്വനമായി കണ്ണീരൊപ്പാന്‍ ഒടുവില്‍ ഒരു ശര്‍ക്കരക്കഷണം കിട്ടും. മനുഷ്യജീവിതവും ഇപ്രകാരമാണ്. ശാന്തി എന്ന പദത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക് പിന്നെയും പഴമയിലേക്ക് തിരിച്ചുപോകേണ്ടിവരും. ”മനസ്സിലുണ്ടാവട്ടെ ഇത്തിരി കൊന്നപ്പൂവ്” എന്ന് മലയാളികളോട് വൈലോപ്പിള്ളി പറഞ്ഞത് മറക്കാന്‍ പാടില്ല. പ്രകൃതിയും പാരമ്പര്യവും അന്യമായാല്‍ ഭാഷയ്‌ക്ക് എങ്ങനെയാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുക.
”കളയാനുള്ളതാണ് കള. കൃഷിക്കളത്തിലെ വളമൂറ്റുന്ന ഈ കള്ളനെ ആദ്യമേ പിഴുതെറിയുക. അതിന്റെ പേരാണ് ഔചിത്യം. വായ്‌ത്തലപോയ വാക്കുകൊണ്ട് ആസ്വാദകരെ ദ്രോഹിക്കാതിരിക്കണം. ഉത്തരമില്ലായ്‌മയും ചില സന്ദര്‍ഭങ്ങളില്‍ ഒരു ഉത്തരമാണെന്ന് തിരിച്ചറിയണം. വായനക്കാരനും ഭാവിതലമുറയ്‌ക്കും പൂരിപ്പിക്കാനുള്ളതാണ് നമ്മുടെ എഴുത്ത് എന്ന് ധരിക്കുന്നതും നല്ലതാണ്.
”ഒരു കറ്റച്ചൂട്ടുപോലെ, ഭാഷയാണ് എഴുത്തില്‍ തന്നെ കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് എഴുത്തുകാരന് എപ്പോഴും ബോധ്യമുണ്ടായിരിക്കണം. എഴുതുന്ന ആശയത്തിന് കനമുണ്ട് എന്നു തോന്നിക്കാനായി കൃത്രിമഭാഷ ഉണ്ടാക്കുന്ന എഴുത്തുകാരുണ്ട്. അത് വായനക്കാരെ വഞ്ചിക്കലാണ്. ക്ലിഷ്ടമായ ഭാഷ പ്രയോഗിക്കേണ്ടി വരുന്നത് എഴുത്തുകാരന്റെ പരിമിതിയാണ്. വായനക്കാരന്‍ വരികള്‍ക്കിടയില്‍ കുടുങ്ങിപ്പോകുന്നത് എഴുത്തുകാരന്റെ പരാജയവുമാണ്. ഭാഷ കഴിയുന്നത്ര ലളിതമാവണം. നൂറ് താമരയിതളുകള്‍ അട്ടിയായി വച്ച് ഒരു സൂചികൊണ്ട് താഴോട്ടിറക്കുമ്പോള്‍ സൂചി ഒരു ഇതളില്‍നിന്ന് അടുത്ത ഇതളിലേക്ക് ഇറങ്ങിവരാനുള്ള അത്ര സമയമേ ആസ്വാദനത്തിന് വേണ്ടിവരാന്‍ പാടുള്ളൂ. അത്രയ്‌ക്ക് നേര്‍മ്മയുള്ളതാവണം ഭാഷ. പൂന്താനത്തിന്റെ ഭാഷ നോക്കുക. ഭാഷ ഒരു പ്രധാനപ്പെട്ട കാര്യമായതുകൊണ്ട് ഞാനതില്‍ വളരെയധികം ശ്രദ്ധ കൊടുക്കാറുണ്ട്. ”
എഴുത്തും വായനയും കച്ചവടക്കമ്പോളത്തിലെ ചരക്കുകളായി മാറിക്കഴിഞ്ഞ ഇന്നത്തെ കാലത്ത് സത്യസന്ധമായ ഒരാശയതലം വായനാലോകത്ത് തംരഗമുയര്‍ത്തുന്നതിന് പുതിയ സാംസ്‌കാരികതന്ത്രങ്ങള്‍ മെനഞ്ഞെടുക്കേണ്ടിവരും എന്നതിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടുന്നു.
”മുമ്പൊക്കെ ഒരു പുസ്തകത്തിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞിരുന്നു. എഴുത്തുകരനും വായനക്കാരനും തമ്മിലുള്ള സമവായത്തിന്റെ ആ നേര്‍വഴിയില്‍ ഇപ്പോള്‍ നിക്ഷിപ്തതാല്‍പ്പര്യക്കാരാണ് കടന്നിരിക്കുന്നത്. അച്ചടിത്തമ്പ്രാക്കളും രക്ഷാകര്‍ത്താക്കളും പി.ആര്‍.പണ്ഡിതരും വൈതാളികരും ചേരുന്ന ഒരു സന്നദ്ധസംഘമില്ലെങ്കില്‍ എഴുത്തറിയിക്കല്‍ നടക്കില്ല. വില്‍പ്പനയ്‌ക്കും പാഠപുസ്തകസാധ്യതയ്‌ക്കും അവര്‍ഡ്‌വേട്ടയ്‌ക്കും പിന്നെയും ഏറെ കടമ്പകള്‍ കടക്കണം. ഇതിനിടയില്‍ എഴുത്തിന്റെ ഏകാഗ്രധ്യാനവും പാലാഴിമഥനവും എങ്ങനെ നടക്കാനാണ്? യജമാനസ്‌നേഹം, ഉപകാരസ്മരണ, പാര്‍ട്ടിക്കൂറ് എന്നിവ പരിഗണിക്കാതെ മനസ്സാക്ഷിയുടെ വാതായനം തുറന്നു വയ്‌ക്കാന്‍ എഴുത്തുകാര്‍ തയാറായാല്‍ പ്രതീക്ഷയ്‌ക്ക് വകയുണ്ട്. വര്‍ഗീയ, മതേതര, ഫാസിസ സുവിശേഷം കേട്ട് വായനക്കാര്‍ക്ക് മടുത്തിരിക്കുന്നു. മുഖപ്രസംഗമെഴുത്തല്ലല്ലോ സാഹിത്യം.”
ആര്‍എസ്എസും ബുദ്ധിജീവികളും
സ്‌കൂള്‍ പഠനകാലത്താണ് ശശിധരന്‍ മാസ്റ്റര്‍ രാഷ്‌ട്രീയ സ്വയംസേവകസംഘവുമായി ബന്ധപ്പെടുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍, കോഴിക്കോട് ബേപ്പൂരിനടുത്തുള്ള നടുവട്ടത്ത്, സംഘത്തിന്റെ സ്വാധീനം വ്യാപിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് കോളേജ് പഠനകാലത്ത് കോഴിക്കോട് നഗരത്തിലുള്ള മുതിര്‍ന്ന സംഘപ്രവര്‍ത്തകരുമായി അടുത്ത് ഇടപഴകാന്‍ അവസരം ഉണ്ടാവുകയും ചെയ്തു. ശാഖയില്‍ പോയിട്ടുണ്ട് എന്നതൊഴിച്ചാല്‍ അതിന്റെ പരിശീലനങ്ങള്‍ ലഭിക്കുകയോ ചുമതലകള്‍ വഹിക്കുകയോ ചെയ്തിട്ടില്ല.
രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ അമ്പതാം വാര്‍ഷികം അടിയന്തരാവസ്ഥക്കാലത്തായിരുന്നു. അന്ന് സംഘം നിരോധിക്കപ്പെടുകയും മിക്ക സംഘപ്രവര്‍ത്തകരും ഒന്നുകില്‍ ജയിലിലോ അല്ലെങ്കില്‍ ഒളിപ്രവര്‍ത്തനത്തിലോ ആയിരുന്നു. വാര്‍ത്തകളും ആശയപ്രചരണവും തമസ്‌കരിച്ചിരുന്ന അക്കാലത്താണ് ഗവേഷണവിദ്യാര്‍ഥിയായിരുന്ന ശശിധരന്‍ മാസ്റ്റര്‍ എഴുതിത്തുടങ്ങിയത്. 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം ഒരുപാട് വെല്ലുവിളികളെ നേരിട്ടുകൊണ്ട് വികാസത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞ സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ബുദ്ധിജീവികള്‍ എന്നൂറ്റംകൊള്ളുന്ന വിഭാഗം അതിനോട് പുലര്‍ത്തിയ സമീപനത്തെക്കുറിച്ചും 1978 സപ്തംബര്‍ 7 ലെ ‘കേസരി’ വാരികയില്‍ കെ.പി.ശശിധരന്‍ എഴുതിയ ‘ആര്‍.എസ്.എസും ബുദ്ധിജീവികളും’ എന്ന ലേഖനം സംഘത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്നത്തെ കാലത്തും അതേപോലെ പുനഃപ്രസിദ്ധീകരിക്കാന്‍ ഉതകുന്നതാണ്. സംഘസ്ഥാപകനായ ഡോ.കേശവബലിറാം ഹെഡ്‌ഗെവാറിനെ അദ്ദേഹം വിലയിരുത്തിയത് നോക്കുക:
”1925 ലെ വിജയദശമി ദിവസം നാഗപ്പൂരിലെ മോഹിതെവാഡെ മൈതാനിയിലേക്ക് അദ്ദേഹം കസേരകള്‍ കൊണ്ടുവന്നില്ല. ഫോട്ടോഗ്രാഫര്‍മാരും പൂച്ചെണ്ടും നന്ദിപ്രകടനവും ലഘുപാനീയവും ഉണ്ടായില്ല, ഭാരതത്തിന്റെ ശാപം കസേരയോടുള്ള ഒടുങ്ങാത്ത കൂറിലാണ് കുടികൊള്ളുന്നതെന്നു സ്വാതന്ത്ര്യ പ്രാപ്തിയുടെ കാല്‍ നൂറ്റാണ്ടിന്നു മുമ്പതന്നെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. ആദര്‍ശവാനായ ഒരു സംഘടനാപ്രവത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ അദ്ദേഹം വഹിച്ചിരുന്ന ഉത്തരവാദിത്വം, ഭരണസാരഥ്യം വഹി ക്കുവാന്‍ പോകുന്ന പ്രസ്തുത കക്ഷിയുടെ അപര്യാപ്തതകളയും ‘സമന്വയം’ എന്ന പേരിലറിയപ്പെട്ടിരുന്ന ആത്മഹത്യാപരമായ പ്രീണനത്തിന്റെ ആപത്തുകളെയും കുറിച്ച് അദ്ദേഹത്തെ ബോധവാനാക്കിയിരുന്നു. ഭാരതീയരിലാകമാനം കണ്ടെത്താവുന്ന ദേശീയൈക്യത്തിന്റെ പ്രചോദനധാര, വസ്തുനിഷ്ഠമാണെന്നു മനസ്സാക്ഷി പറഞ്ഞാല്‍ക്കൂടി പരസ്യമായി അംഗീകരിക്കുവാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിയുകയില്ലെന്നും അദ്ദേഹം ദീര്‍ഘവീക്ഷണം ചെയ്തു. ശുദ്ധമായ രാജനൈതികസമ്പ്രദായം സംജാതമാകാന്‍ അവികലമായ സമാജാവബോധം കൂടിയേതീരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മികച്ച രാഷ്‌ട്രീയമീമാംസകരുടെ ലക്ഷണം, അവര്‍ തങ്ങള്‍ക്കു മുമ്പിലുള്ള കാലഘട്ടത്തെ കരതലാമലകംപോലെ മനസ്സിലാക്കുമെന്നതാണ്. അങ്ങനെ നോക്കുമ്പോള്‍ ഭാരതത്തിന്റെ യുഗപുരുഷനായി അംഗീകരിക്കപ്പെടുവാന്‍ ഡോ.ഹെഡ്‌ഗേവാറിനെപ്പോലെ അര്‍ഹനായ മറെറാരു ഭാരതീയന്‍ വളരെ അപൂര്‍വമായി മാത്രമേ കാണുകയുള്ളു.
”എവിടെയാണ് ഡോ.ഹെഡ്‌ഗേവാറിന്റെ മഹത്വം കുടികൊള്ളുന്നത്? അദ്ദേഹത്തിന്നറിയാമായിരുന്നു, മഹത്തായ ഒരു സംരംഭം എവിടെനിന്നാണ് ആരംഭിക്കേണ്ടതെന്ന്. സമര്‍ഥരും ത്യാഗശീലരുമായ ഒരുപറ്റം യുവാക്കളെ വിദ്യ അഭ്യസിപ്പിച്ച് വളര്‍ത്തിയെടുത്തു. സമാജത്തിലെ തീക്ഷണമായ അനേകം യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ അവരുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട് സമ്പൂര്‍ണ രാഷ്‌ട്രത്തിന്റയും ഉന്നമനം എങ്ങനെ സാധിപ്പിച്ചെടുക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂതകാലാഭിരതിയില്‍ നിമഗ്‌നമായിരുന്ന ഹിന്ദുവിന്റെ മനോഭാവത്തെ, അവന്റെ ആന്ധ്യവും ബാധിര്യവും ബാധിച്ച യാഥാസ്ഥിതിക ചോദനകളില്‍നിന്നും ഇറക്കിക്കൊണ്ടുവന്ന്, കാലഘട്ടത്തിന്റെ വെല്ലു വിളിക്കൊത്തവണ്ണം പ്രതികരിക്കുവാന്‍ പഠിപ്പിക്കുകവഴി ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ മികവുറ്റ ഒരു സംസ്‌കൃതി അതിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്നത് ലോകം വീക്ഷിച്ചു.
”ദുഷിച്ചു ജീണ്ണിച്ച പ്രവണതകള്‍ കാര്‍ന്നുതിന്നുന്ന സമൂഹത്തെ ആര്‍എസ്എസിനു മാത്രമേ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഒരു പക്ഷെ അവരുടെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം ആര്‍എസ്എസിന്റെ രണ്ടാം തലമുറയിലോ മൂന്നാം തലമുറയിലോ ആയിരിക്കാം. ഭാരതം ഒരിക്കല്‍ക്കൂടി അജയ്യമായ ശക്തിയാര്‍ജിച്ചുകൊണ്ട് വിശ്വമാനവികതയ്‌ക്കു മുഴുവന്‍ നേതൃത്വം നല്‍കുമെന്ന വിവേകാനന്ദ സ്വാമികളുടെ പ്രവചനം യാഥാര്‍ഥ്യമാകില്ലെന്നാരു കണ്ടു? ”
മനുഷ്യസ്പര്‍ശമുള്ള സാംസ്‌കാരിക പ്രവര്‍ത്തനം
നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ തുടര്‍ന്നുള്ള യാത്രയില്‍ കൂടുതല്‍ ഊന്നല്‍കൊടുക്കേണ്ടുന്ന ചില കാര്യങ്ങള്‍ പരിഗണനയ്‌ക്കായി കെ. പി.ശശിധരന്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്.
”ആലോചിച്ചുറപ്പിച്ച നയപരിപാടികള്‍ പിന്തുടരുന്ന പ്രസ്ഥാനമാണ് രാഷ്‌ട്രീയ സ്വയംസേവകസംഘം. ഒരു ഫുട്‌ബോള്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച് ഗാലറിയിലെ കാണികള്‍ പറയുന്നതും കളിക്കാരെ വാര്‍ത്തെടുക്കുന്ന കോച്ച് പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ടാകും. അമ്പതു വര്‍ഷം മുമ്പ് കേരളത്തിലെ ഒരു വീട്ടില്‍ മൂന്നോ നാലോ കുട്ടികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ മാത്രമാണ് ഉള്ളത്. വീട്ടുകാര്യം കഴിഞ്ഞ്, പിന്നെ ദേശസേവനത്തിന് സമയം കണ്ടെത്തണം. ഇപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെയും മുഴുവന്‍സമയ പ്രചാരകന്മാരുടെയും എണ്ണം കുറയുമ്പോള്‍ പരസ്പര സമ്പര്‍ക്കത്തിനും മറ്റുമുള്ള ആധുനിക സാങ്കേതിക സംവിധാനം തല്‍സ്ഥാനത്തേക്ക് കടന്നുവരും. മനുഷ്യസ്പര്‍ശമേറ്റ് തളിര്‍ക്കേണ്ടതാണ് സാംസ്‌കാരികപ്രവര്‍ത്തനം. അതേസമയം ശാസ്ത്രസാങ്കേതിക സാധ്യതകള്‍ക്കു നേരെ മുഖം തിരിച്ചു നില്‍ക്കാനും പാടില്ല. ഒരു മധ്യമാര്‍ഗം ഇവിടെ വേണ്ടിവരും.
”നാടിന്റെ വളര്‍ച്ചയ്‌ക്ക് ‘അര്‍ഥ’ബോധമുള്ള ഒരു സമൂഹം ആവശ്യമാണ്. എന്നാല്‍ ലക്ഷ്മിക്കും വേണം ഒരു ലക്ഷ്മണരേഖ. അവധിയില്ലാത്ത പണപ്പയറ്റില്‍ നമ്മുടെ മൂല്യം മണ്ണടിയുമ്പോള്‍ മതങ്ങളും രാഷ്‌ട്രീയപപാര്‍ട്ടികളും സാംസ്‌കാരികപ്രസ്ഥാനങ്ങളും പ്രതിരോധം തീര്‍ക്കാനാവാതെ കുഴങ്ങേണ്ടിവരും. പണം കൊടുത്ത് പദവി വാങ്ങുന്ന, പദവിയിലിരുന്ന് പണം പിടുങ്ങുന്ന അര്‍ഥബാധയെ ആണിതറക്കാന്‍ പറ്റിയ ഒരു മന്ത്രവാദം എവിടേയുമില്ല. ബംഗ്ലാദേശികളും റോഹിഗ്യക്കാരും ആകാശചാരികളായിട്ടല്ല ഭാരതത്തിേേലക്ക് നുഴഞ്ഞുകയറിയത്. അതിര്‍ത്തി കാക്കേണ്ടവര്‍ കൈക്കൂലി വാങ്ങി, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു. രണ്ടിലുമുണ്ട് അഴിമതിയുടെ ദുര്‍ഗന്ധം. വില്‍ക്കാന്‍വച്ച വേലിയെ ആര്‍ക്കാണ് പേടി? ഇതിലും മികച്ച തൊഴിലുറപ്പ് പദ്ധതി ആരുടെ നാട്ടില്‍ വേറെയുണ്ട്? വളവിന്റെ ഈ വിളവെടുപ്പില്‍ കന്നിയോ മകരമോ എന്ന ഭേദം പോലുമില്ല. മാരകമായ ഈ അണുപ്രസരത്തില്‍നിന്ന് ആര്‍ക്കും മുക്തിയില്ല. സംഘത്തിന്റെ വ്യക്തിനിര്‍മ്മാണപദ്ധതിയില്‍ ഈ വശത്തിന് ഊന്നല്‍ നല്‍കണം.
”മറ്റൊരു കാര്യം ചൂണ്ടിക്കാട്ടാനുള്ളത് ആര്‍എസ്എസ്സിന്റെ ബോധനസമ്പ്രദായത്തെക്കുറിച്ചാണ്. ഭൂതകാലപാഠങ്ങളെപ്പോലെ ഗൗരവമേറിയതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍. ഉദാഹരണത്തിന് നമ്മുടെ നാട്ടിലെ ജനസംഖ്യാശാസ്ത്രം, ആവാസഘടനയില്‍ സംഭവിക്കുന്ന ആപത്കരമായ വ്യതിയാനം, മയക്കുമരുന്നുവ്യാപനം, സമ്മതിദാനവിഷയത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ക്കുള്ള ഉദാസീനത, അന്യാധീനപ്പെടുന്ന ക്ഷേത്രസ്വത്തിന്റെ അവസ്ഥ, കലയുടെയും സാഹിത്യത്തിന്റെയും ശാക്തീകരണമൂല്യം തുടങ്ങിയ വിഷയങ്ങള്‍ ശാഖകളില്‍ ചര്‍ച്ചയാകാറുണ്ടോ എന്ന് നിശ്ചയമില്ല.
”ചെയ്തുവച്ച കാര്യങ്ങള്‍ പൊതുസമൂഹത്തിനും ഭാവിതലമുറയ്‌ക്കും പ്രയോജനപ്പെടുംവിധത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കുക എന്ന കാര്യത്തിലുള്ള ഉദാസീനത മാറിയേ പറ്റൂ. എഴുപതുകളുടെ തുടക്കത്തില്‍ വളരെ താല്‍പ്പര്യമുള്ള ഒരു വിഷയം ഞാന്‍ പത്രത്തില്‍ വായിക്കുകയുണ്ടായി. ഗുജറാത്തില്‍നിന്ന് കടല്‍മാര്‍ഗം കന്യാകുമാരി വരെ നടത്തിയ ഒരു യാത്ര. ഒരു പായ്‌ക്കപ്പലില്‍. ഓരോയിടത്തും ഇറങ്ങി കടല്‍ത്തീരങ്ങളിലെ അരയകുടുംബങ്ങളുമായി ബന്ധപ്പെട്ട്, അവരുടെ കൂടെ ജീവിച്ച്, ചര്‍ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചുള്ള യാത്ര. ‘കേസരി’യില്‍ അന്ന് അതു സംബന്ധിച്ച് ഒരു വാര്‍ത്തയും ഫോട്ടോയും വന്നിരുന്നു. കോഴിക്കോട്ട് പുതിയാപ്പയില്‍ അവര്‍ വന്നിറങ്ങിയതിനെക്കുറിച്ച്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ കന്യാകുമാരിയില്‍നിന്ന് തുടങ്ങി ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തുകൂടെ കൊല്‍ക്കത്തയ്‌ക്ക് പോകാനായിരുന്നു പദ്ധതി. അതു നടന്നില്ല. ആ യാത്ര നടത്തിയതില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന് വലിയൊരു പങ്കുണ്ട് എന്ന് അതിന്റെ അഖിലേന്ത്യാ ചുമതല ഉണ്ടായിരുന്ന വേണുവേട്ടന്‍ (രാ.വേണുഗോപാല്‍) എന്നോട് പറഞ്ഞിരുന്നു.
”പിന്നീട് ഞാന്‍ ആ യാത്രയുടെ കാര്യങ്ങള്‍ അന്വേഷിച്ചു. അവര്‍ എന്തു പഠനമാണ് നടത്തിയത്, ഓരോ സംസ്ഥാനത്തെ ഓരോ ഭാഷ സംസാരിക്കുന്ന, കടലിന്റെ ഭാഷ നന്നായിട്ട് അറിയുന്നവരില്‍നിന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തിന്റെ ഒരു ചിത്രം ലഭിക്കത്തക്കവിധം എന്തു വിവരമാണ് കിട്ടിയത് എന്നതിനെക്കുറിച്ച്. ഒരു വിവരവും കിട്ടാനില്ല എന്നാണ് മനസ്സിലായത്. എത്രയോ പണം ചെലവാക്കി, എത്രയോ അധ്വാനം ചെലുത്തിയിട്ട് ഒടുവില്‍ അതിനെക്കുറിച്ച് യാതൊരു വിവരവും ആര്‍ക്കും ലഭ്യമായില്ല എന്നത്, ഒരു അടയാളവും ഇല്ലാതെ പോയി എന്നത് എനിക്ക് വളരെ ഞെട്ടല്‍ ഉണ്ടാക്കിയ ഒന്നാണ്.
”നാം ഒരുപാട് ജോലി ചെയ്യുന്നു. പക്ഷെ, അടുത്ത തലമുറയ്‌ക്കുവേണ്ടി സൂക്ഷിച്ചുവയ്‌ക്കുക എന്നത് നമ്മുടെ ജാതകത്തിലില്ല എന്നതാണ് യാഥാര്‍ഥ്യം. ഏതാണ്ട് ഇപ്പോഴും അതുതന്നെയല്ലേ നമ്മുടെ അവസ്ഥ. എന്നാല്‍ വര്‍ഷങ്ങള്‍ വളരെ കഴിഞ്ഞ് ഇതുപോലെ ഒരു യാത്ര എന്‍ഡിടിവി നടത്തി. അത് വലിയ വാര്‍ത്തയാവുകയും ചര്‍ച്ചയാവുകയും ചെയ്തു.
(അടുത്തത്: അര്‍ത്ഥശാസ്ത്രം ഭാരതത്തെ പഠിപ്പിച്ചത് )
















