കൊച്ചി: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11ന് കൊച്ചിയിലെത്തും. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രാവിലെ 11.45നെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ നേവല്‍ബേസിലെത്തും. അവിടെനിന്നുറോഡ് മാര്‍ഗം മറൈന്‍ഡ്രൈവിലെത്തി 12.30ന് അഖില കേരള ധീവരസഭയുടെ സുവര്‍ണജൂബിലി സമ്മേളനത്തില്‍ പ്രസംഗിക്കും.
ഉച്ചക്ക് 1.15ന് കലൂര്‍ സ്റ്റേഡിയത്തിലെത്തുന്ന അദ്ദേഹം റെയില്‍വേ, ദേശീയപാത വികസന അതോറിറ്റി, ബിപിസിഎല്‍ എന്നിവയുടെ വിവിധ പദ്ധതികളുടെയും അമൃത് ഭാരത് ട്രെയിനുകളുടെയും നവീകരണം പൂര്‍ത്തിയാക്കിയ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
2.15 ന് കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്ക് തുടക്കമിടും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡി എയുടെ പ്രകടനപത്രിക പുറത്തിറക്കും.
തുടര്‍ന്ന് നേവല്‍ബേസിലെത്തി കൊച്ചി വിമാനത്താവളത്തിലേക്കു ഹെലികോപ്റ്ററില്‍ പോകുന്ന പ്രധാനമന്ത്രി അവിടെനിന്നു തിരുച്ചിറപ്പള്ളിയിലേക്ക് തിരിക്കും.
















